മുംബൈ: ജെഎന്‍യുവില്‍ ആക്രമണത്തിന് ഇരയായ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ച ദീപിക പദുക്കോണിന് പിന്തുണയുമായി ബോളിവുഡ് താരം കാര്‍ത്തിക് ആര്യന്‍. ‘ദീപിക കഴിഞ്ഞദിവസം എന്താണോ ചെയ്തത്, അതിനെ ഞാന്‍ ബഹുമാനിക്കുന്നു. നിരവധി ആളുകള്‍ ഇനിയും മുന്നോട്ടുവന്ന് ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. കര്‍ശനമായ നടപടി ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ എന്നാണ് കാര്‍ത്തിക് ആര്യന്‍ വ്യക്തമാക്കിയത്.
അതേസമയം ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച ദീപിക പദുക്കോണിന്റെ ചിത്രങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ബിജെപിയും രംഗത്ത് എത്തിയിട്ടുണ്ട്. ‘തുക്ടെ-തുക്ടെ സംഘത്തെ പിന്തുണച്ചതിന് ദീപികയുടെ സിനിമകള്‍ ബഹിഷ്‌കരിക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു’ എന്നാണ് കഴിഞ്ഞ ദിവസം ബിജെപി നേതാവ് തജീന്ദര്‍ പാല്‍ സിങ് ബഗ്ഗ ട്വീറ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് ദീപിക പദുക്കോണ്‍ ജെഎന്‍യു ക്യാമ്പസില്‍ നേരിട്ടെത്തി വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് അധ്യാപകരും വിദ്യാര്‍ത്ഥികളും സര്‍വകലാശാലയ്ക്ക് പുറത്ത് പ്രതിഷേധം നടത്തുന്നതിന് ഇടയിലായിരുന്നു ദീപികയുടെ സന്ദര്‍ശനം. സമരം നടക്കുന്ന സബര്‍മതി ധാബയിലെത്തി പതിനഞ്ചുമിനിറ്റോളം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചെലവഴിച്ച ദീപിക വിദ്യാര്‍ത്ഥി നേതാക്കളില്‍ ചിലരോട് സംസാരിച്ചതിന് ശേഷമാണ് മടങ്ങിയത്.