ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്നായ ഇന്ത്യന്‍ റെയില്‍വേയിലും സ്വകാര്യ പങ്കാളിത്തം വന്നു. നൂറ് റൂട്ടുകളില്‍ നൂറ്റിയമ്പത് സ്വകാര്യ ട്രെയിനുകള്‍ ഓടിക്കാന്‍ റെയില്‍വേ മന്ത്രി നിയമിച്ച ഉന്നതാധികാര സമിതി അനുമതി നല്കി. സ്വകാര്യ ട്രെയിനുകളുടെ നടത്തിപ്പ് സംബന്ധിച്ച വിവരങ്ങളുടെ രൂപരേഖയുടെ കരട് നീതി ആയോഗിന്റെ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ട്രെയിനുകളുടെ സ്വകാര്യവല്‍ക്കരണത്തിലൂടെ 22500 കോടിയുടെ പദ്ധതിയാണ് റെയില്‍വേ മന്ത്രാലയം പ്ലാന്‍ ചെയ്തിരിക്കുന്നത്. നൂറ് റൂട്ടുകള്‍ 10-12 ക്ലസ്റ്ററുകള്‍ ആയി തിരിച്ചിരിക്കുകയാണ്. സ്വകാര്യ ട്രെയിനുകള്‍ക്ക് അതേ റൂട്ടിലോടുന്ന മറ്റു ട്രെയിനുകളെക്കാള്‍ 15 മിനിറ്റ് മുമ്പേ ഓടാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ ട്രെയിനുകള്‍ ഏതൊക്കെ സ്റ്റേഷനില്‍ എത്ര സമയം നിര്‍ത്തിയിടണം എന്നത് സ്വകാര്യ ട്രെയിന്‍ ഉടമകള്‍ക്ക് തീരുമാനിക്കാം.
ഇതിനു പുറമെ ടിക്കറ്റ് നിരക്ക്, കോച്ചുകള്‍ നിശ്ചയിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ സ്വകാര്യ ട്രെയിന്‍ ഉടമകള്‍ക്ക് തീരുമാനിക്കാം. ഈ പദ്ധതിയിലൂടെ നൂതന സാങ്കേതിക വിദ്യയും ലോകോത്തര സേവനവും ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് റെയില്‍വേ മന്ത്രാലയവും നീതി ആയോഗും വ്യക്തമാക്കിയിരിക്കുന്നത്. പുതിയ രീതിയില്‍ ഡിസൈന്‍ ചെയ്ത ബോഗികള്‍, സ്റ്റെയിന്‍ലെസ് സ്റ്റീല്‍/അലൂമിനിയം പുറംഭാഗം, നിയന്ത്രണസംവിധാനം എന്നിവയും പുതിയ സ്വകാര്യ ട്രെയിനുകള്‍ക്ക് ഉണ്ടാവും.
Discussion about this post