ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ മുഖംമൂടി ധരിച്ചെത്തി ആക്രമണം നടത്തിയവരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് ഡൽഹി പോലീസ്. ഇവരെ ഉടൻ പിടികൂടുമെന്നും ഡൽഹി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഞായറാഴ്ച മുഖംമൂടി ധരിച്ച് വിദ്യാർത്ഥികളെ ആക്രമിച്ചവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു. അവരെ ഉടൻ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തത്.
അക്രമികൾക്കെതിരെ പോലീസ് നടപടിയെടുത്തില്ലെന്ന് രൂക്ഷ വിമർശനമുയർന്നിരുന്നു. ആക്രമി സംഘം വിദ്യാർത്ഥികളെയും അധ്യാപകരെയും ആക്രമിക്കുമ്പോൾ പോലീസ് കാഴ്ചക്കാരായി നിൽക്കുകയായിരുന്നുവെന്നും ആരോപണമുയർന്നിരുന്നു.
ഞായറാഴ്ച രാത്രിയാണ് ജെഎൻയു ക്യാമ്പസിൽ മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമണമഴിച്ചുവിട്ടത്. വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഒയിഷ ഘോഷുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ആക്രമണങ്ങൾക്ക് പിന്നിൽ എബിവിപിയാണെന്ന് ആരോപിച്ച് എസ്എഫ്‌ഐയും രംഗത്തെത്തിയിരുന്നു. ഇതിനിടെ, ആക്രമണങ്ങളുടെ ഉത്തരവാദിത്വമേറ്റെടുത്ത് ഹിന്ദു രക്ഷാ ദൾ എന്ന സംഘപരിവാർ സംഘടനയും രംഗത്തുവന്നിരുന്നു.
Discussion about this post