ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് അടിയന്തിര ചികിത്സ നൽകാൻ ഉത്തരവിട്ട് ഡൽഹി കോടതി. ആസാദ് തടവിൽ കിടക്കുന്ന തിഹാർ ജയിൽ അധികൃതരോടാണ് ഡൽഹി കോടതി നിർദേശിച്ചത്.
കേസന്വേഷിക്കുന്ന ദര്യാഗഞ്ച് പോലീസ് ചന്ദ്രശേഖർ ആസാദിനെ ചികിത്സിച്ചിരുന്ന എയിംസിൽ നിന്നും റിപ്പോർട്ട് ശേഖരിച്ച് കോടതിയ്ക്ക് നൽകുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് അതുൽ വർമ്മ കേസിന്റെ വാദം കേൾക്കുന്നത് വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിയിലേക്ക് മാറ്റുകയും ചെയ്തു.
ചന്ദ്രശേഖർ ആസാദിന്റെ നിർദേശ പ്രകാരം മഹ്മൂദ് പ്രാചയാണ് ആസാദിന് രക്തം കട്ടപിടിക്കുന്ന അസുഖമാണെന്നും അടിയന്തിര വൈദ്യാസഹായം നൽകണമെന്നുമാവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകിയത്.
‘ആസാദിന് ‘പോളിസിതെമിയ’ എന്ന രക്തം കട്ടപിടിക്കുന്ന അസുഖമാണുള്ളത്. അതുകൊണ്ടു തന്നെ ആസാദിന്റെ ചികിത്സ നടത്തുന്ന എയിംസിലെ ഹീമറ്റോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. റിഷി ധവാനെ കൊണ്ട് തന്നെ നോക്കിക്കുകയും രക്തം പരിശോധിപ്പിക്കുകയും വേണം. ഒരാഴ്ചക്കുള്ളിലോ പരമാവധി പത്തു ദിവസത്തിനുള്ളിലോ രക്തം കട്ടപിടിക്കുകയും അത് കൃത്യമായി പരിശോധിച്ച് പോന്നില്ലെങ്കിൽ ഹൃദയാഘാതത്തിന് കാരണമാവുകയും ചെയ്യും,’ എന്നാണ് കോടതിയിൽ നൽകിയിരിക്കുന്ന അപേക്ഷയിൽ പറയുന്നത്.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ചന്ദ്രശേഖർ ആസാദ് നേരിടുന്നുണ്ടെന്നും ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ അദ്ദേഹത്തിന് ഹൃദയാഘാതം വരെ ഉണ്ടായേക്കാമെന്നും അദ്ദേഹത്തിന്റെ ഡോക്ടർ ഡോ. ഹർജിത് സിങ് ഭട്ടിയും പറഞ്ഞിരുന്നു.
Discussion about this post