ന്യൂഡൽഹി: ഞായറാഴ്ച ജെഎൻയുവിലുണ്ടായ ആക്രമണത്തിന് പിന്നിൽ വിദ്യാർത്ഥികൾ തന്നെയെന്ന് വൈസ് ചാൻസിലർ എം ജഗദീഷ്കുമാർ. വിദ്യാർത്ഥി പ്രതിഷേധത്തിനിടെ അക്രമമുണ്ടായ സംഭവത്തിൽ തനിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
വിദ്യാർത്ഥികളിൽ ഒരു വിഭാഗം സമരം അക്രമാസക്തരാവുകയായിരുന്നു. വിദ്യാർത്ഥികളുടെ പങ്ക് തെളിഞ്ഞാൽ നടപടിയുണ്ടാകും. മാനവിക വിഷയത്തിൽ അധ്യാപകൻ അല്ലാത്ത തനിക്ക് ജെഎൻയു വിസിയാകാൻ യോഗ്യതയില്ല എന്ന ആരോപണം തെറ്റാണെന്നും സ്വകാര്യമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജഗദീഷ് കുമാർ പറഞ്ഞു.
വിദ്യാർത്ഥികളുമായി ഇപ്പോഴും താൻ ചർച്ചയ്ക്ക് തയ്യാറാണ്. എല്ലാ വാതിലുകളും തുറന്നിട്ടിരിക്കുകയാണ്. അന്വേഷണത്തിന് എല്ലാ തെളിവുകളും പോലീസിന് നൽകിയിട്ടുണ്ട്. അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കും. തന്റെ രാജി ആവശ്യപ്പെടുന്നവർക്ക് അങ്ങനെ അഭിപ്രായം പറയാൻ അവകാശമുണ്ട്. അവർ അത് പറയട്ടെ. ഒരു ന്യൂനപക്ഷം, ഭൂരിപക്ഷ വിദ്യാർത്ഥികളുടെ അവകാശത്തെ ഇല്ലാതെയാക്കുന്നു. ചിലർ രാഷ്ട്രീയ ലാഭം മാത്രം നോക്കുന്നു. താൻ ഇതുവരെ ജനാധിപത്യപരമായിട്ടാണ് പ്രവർത്തിച്ചത്. മാനവവിഭവശേഷി മന്ത്രാലയം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നും തനിക്ക് മന്ത്രാലയത്തിന്റെ പൂർണ പിന്തുണയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ജെഎൻയു ഫീസ് വർധനയ്ക്ക് എതിരായി വിദ്യാർത്ഥികൾ മാസങ്ങളായി സമരത്തിലായിരുന്നു. പുതിയ വിസി ചാർജെടുത്തതിന് പിന്നാലെയാണ് ഫീസ് കുത്തനെ കൂട്ടിയത്. ഇതോടെ വിദ്യാർത്ഥികൾ ശക്തമായി വിസിക്കെതിരെ സമരത്തിലായിരുന്നു. ഇതിനിടെയാണ് ഹോസ്റ്റലുകളിൽ അടക്കം കടന്നുകയറി ഗുണ്ടകൾ വിദ്യാർത്ഥികളെ ക്രൂരമായി ആക്രമിച്ചത്. ജെഎൻയു വിദ്യാർത്ഥി യൂണിയൻ ചെയർമാൻ ഒയ്ഷി ഘോഷ് അടക്കമുള്ളവർക്ക് ആക്രമണങ്ങളിൽ പരിക്ക് പറ്റിയിരുന്നു.
Discussion about this post