ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിയെ എതിർത്തുകണ്ട് രാജ്യത്തെ വിവിധ ഹൈക്കോടതികളിൽ സമർപ്പിച്ച ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് കേന്ദ്രസർക്കാർ. കേന്ദ്രസർക്കാരിന്റെ ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും.
പൗരത്വ നിയമഭേദഗതിക്കെതിരായ കേസിൽ ഹൈക്കോടതികൾ വ്യത്യസ്ത നിലപാട് സ്വീകരിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. പൗരത്വ നിയമഭേദഗതിക്കെതിരെ നൽകിയ ഹർജി കർണാടക ഹൈക്കോടതി നേരത്തെ സ്വീകരിച്ചിരുന്നു. സുപ്രീംകോടതിയുടെ മാത്രം പരിഗണനയിലുള്ള അറുപത് ഹർജികൾ 22 ന് പരിഗണിക്കാനിരിക്കേ കോടതി കേന്ദ്രത്തിന് നോട്ടീസയച്ചിരിക്കുകയാണ്. അതേസമയം, പൗരത്വ നിയമഭേദഗതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു സംസ്ഥാനവും കത്തയച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ആസാം സർക്കാരിന്റെ കത്ത് മാത്രമേ തങ്ങളുടെ കൈവശമുള്ളൂവെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
ഇതിനിടെ, പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ഏറ്റവും ശക്തമായ സമരം നടന്ന സംസ്ഥാനങ്ങളിലൊന്നായ ആസാമിലേക്കുള്ള യാത്ര പ്രധാനമന്ത്രി നരേന്ദ്ര മോഡി മാറ്റിവെച്ചു. പ്രതിഷേധം കണക്കിലെടുത്ത് ഗുവാഹത്തിയിൽ നടക്കുന്ന ഖേലോ ഇന്ത്യ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കില്ലെന്നാണ് സൂചന. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഈ റിപ്പോർട്ടുകളോട് പ്രതികരിച്ചിട്ടില്ല.
Discussion about this post