ന്യൂഡല്‍ഹി: ഇറാന്റെ മിസൈലാക്രമണത്തിന് പിന്നാലെ ഇറാഖിലേക്ക് പോകുന്നവര്‍ക്ക് മുന്നറിയിപ്പു നല്കി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. അത്യാവശ്യമില്ലെങ്കില്‍ ഇറാഖിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. യുഎസ്-ഇറാന് സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇറാഖിലുള്ള ഇന്ത്യക്കാരോട് ജാഗ്രത പാലിക്കണമെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിലുണ്ട്. ഇറാഖിലൂടെയുള്ള ആഭ്യന്തര യാത്രകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഇറാഖിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ഇന്ത്യക്കാര്‍ ഇറാഖിലേക്കുള്ള യാത്രകള്‍ ഇനിയൊരു മുന്നറിയിപ്പുണ്ടാകുന്നതു വരെ ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നു. ഇറാഖില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണം. രാജ്യത്തിനകത്തുകൂടിയുള്ള യാത്രകള്‍ ഒഴിവാക്കണം. ബാഗ്ദാദിലെ എംബസിയും എര്‍ബിലിലെ കോണ്‍സുലേറ്റും സാധാരണരീതിയില്‍ പ്രവര്‍ത്തിക്കുമെന്നും രവീഷ് കുമാര്‍ ട്വീറ്റില്‍ വ്യക്തമാക്കി.
ഇരുപത്തയ്യായിരത്തോളം ഇന്ത്യക്കാരാണ് ഇറാഖില്‍ ജോലി ചെയ്യുന്നത്. ഇതില്‍ വലിയ ഒരു പങ്കും ജോലിചെയ്യുന്നത് നിര്‍മാണ മേഖലയിലുമാണ്.