ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസില്‍, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് കുറ്റവാളികളെയും തൂക്കിലേറ്റുന്നതിന് മുമ്പ് ഡമ്മി പരീക്ഷണം നടത്തുമെന്ന് തീഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു. തൂക്കിലേറ്റപ്പെടുന്നവരുടെ അതേ തൂക്കത്തില്‍ തയ്യാറാക്കിയിരിക്കുന്ന ഡമ്മി കഴുമരത്തില്‍ തൂക്കിയാണ് ഡമ്മി എക്സിക്യൂഷന് നടത്തുന്നത്. വധശിക്ഷ നടപ്പാക്കുന്ന അതേയിടത്ത് വച്ചായിരിക്കും പരീക്ഷണവും നടത്തുക.
ഡമ്മി പരീക്ഷണം നടത്തുന്ന സമയത്ത് പൊതുമരാമത്ത് വകുപ്പ്, ജയില്‍ സൂപ്രണ്ട്, മറ്റ് ഔദ്യോഗിക വ്യക്തികള്‍ എന്നിവരുടെ സാന്നിദ്ധ്യവുമുണ്ടാകും. ജയില്‍ സെല്‍ 3 യിലാണ് വധശിക്ഷ നടപ്പാക്കുന്നത്. അതെസമയം പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ആരാച്ചാരാകും.
ഇതിനായി ഉത്തര്‍പ്രദേശ് ജയില്‍ വകുപ്പ് ആരാച്ചാരെ വിട്ടുനല്‍കും. ആരാച്ചാര്‍ക്ക് വേണ്ടി തീഹാര്‍ ജയിലധികൃതര്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കത്തയച്ചിരുന്നു. പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ നടപ്പാക്കാന്‍ സന്നദ്ധത അറിയിച്ച് നിരവധി പേര് തിഹാര്‍ ജയിലിന്റെ ഡയറക്ടര്‍ ജനറലിന് കത്തയച്ചിരുന്നു.
നിര്‍ഭയ കേസിലെ പ്രതികളായ പവന് ഗുപ്ത, അക്ഷയ്, വിനയ് ശര്‍മ്മ, മുകേഷ് എന്നിവരാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്. ജനുവരി 22 ന് രാവിലെ ഏഴ് മണിക്ക് തൂക്കിലേറ്റുമെന്നാണ് മരണ വാറണ്ടില്‍ പറയുന്നത്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് നാല് കുറ്റവാളികള്‍ക്ക് ഒരുമിച്ച് തൂക്കുകയറൊരുങ്ങുന്നത്.
നിര്‍ഭയ കേസില്‍ ആറ് പ്രധാന പ്രതികളായിരുന്നു ഉണ്ടായിരുന്നത്. പ്രതികളില്‍ ഒരാളായ രാംസിംഗ് ജയിലില്‍ തൂങ്ങിമരിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയായില്ലെന്ന കാരണത്താല്‍ ഒരാളെ മൂന്ന് വര്‍ഷം ദുര്‍ഗുണ പരിഹാര പാഠശാലയില്‍ പാര്‍പ്പിച്ചതിന് ശേഷം വിട്ടയച്ചു. അവശേഷിക്കുന്ന നാല് പേരെയാണ് ജനുവരി 22 ന് തൂക്കിലേറ്റുന്നത്.
Discussion about this post