ബംഗളൂരു: ആന്ധ്രാപ്രദേശിലെ തിരുപ്പതി ബാലാജി ക്ഷേത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഗോസംരക്ഷണ ട്രസ്റ്റിനായി ഒരു കോടി രൂപ സംഭാവന നല്‍കി ഒരു ഭക്തന്‍. ബംഗളുരൂ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനി ഉടമയായ അമര്‍നാഥ് ചൗധരിയും ഭാര്യയുമാണ് ക്ഷേത്രത്തില്‍ ഒരു കോടി രൂപ സംഭാവന നല്‍കിയത്.
ഗോസംരക്ഷണത്തിനായി ഈ തുക വിനിയോഗിക്കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് സംഭാവന നല്‍കിയത്. ക്ഷേത്രത്തില്‍ ആരാധന നടത്തിയ ശേഷം ഇരുവരും തിരുമല തിരുപ്പതി ദേവസ്ഥാനം അഡീഷണല്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ എവി ധര്‍മ്മ റെഡ്ഡിക്ക് ഡിഡി കൈമാറുകയായിരുന്നു.
സോഫ്റ്റ്വെയര്‍ കമ്പനി ഫലപ്രദമായി നടത്തുന്നതിന് 9 വര്‍ഷം മുന്‍പ് വെങ്കിടേശ്വരന് നല്‍കാമെന്ന് പറഞ്ഞ നേര്‍ച്ചയുടെ പൂര്‍ത്തീകരണമാണ് ഈ സംഭാവന. ക്ഷേത്ര കര്‍മ്മങ്ങള്‍ക്കും മറ്റും പാല്‍ വിതരണം ചെയ്യുന്ന തിരുമല തിരുപ്പതി ദേവസ്ഥാനത്തിലെ ഡയറി ഫാമിലെ പശുക്കളുടെ ക്ഷേമത്തിനായി തുക വിനിയോഗിക്കണമെന്നാണ് ചൗധരിയുടെ ആവശ്യം.
ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രമാണ് ആന്ധ്രാപ്രദേശിലെ തിരുപ്പതി ബാലാജി ക്ഷേത്രം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നാല്‍പ്പതിനായിരത്തോളം ഭക്തരാണ് ദിനംപ്രതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത്. കാണിക്കയായി മാത്രം ദിവസം രണ്ടേകാല്‍ കോടി രൂപവരെ ലഭിക്കാറുണ്ടെന്നാണ് കണക്കുകള്‍.
Discussion about this post