ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമങ്ങളില്‍ ആറുമാസത്തിനുള്ളില്‍ പ്രതികളെ ശിക്ഷിക്കാന്‍ സാധിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നിര്‍ഭയ കേസില്‍ പ്രതികളുടെ മരണ വാറന്റ് പുറപ്പെടുവിച്ച കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിര്‍ഭയ കേസില്‍ ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് തീരുമാനമുണ്ടായിരിക്കുന്നത്. നമുക്ക് ഒരു പദ്ധതി ഉണ്ടാക്കേണ്ടിയിരിക്കുന്നു. ഇത്തരമൊരു തീരുമാനത്തിന് ഏഴുവര്‍ഷം കാത്തിരിക്കേണ്ട അവസ്ഥ ഉണ്ടാകരുത്. പ്രതികള്‍ ആറുമാസത്തിനുള്ളില്‍ ശിക്ഷിക്കപ്പെടണം. ഇത്തരം സംഭവങ്ങള്‍ ഒരിക്കലും ആവര്‍ത്തിക്കാത്ത ഒരു സുരക്ഷിത നഗരമായി ഡല്‍ഹിയെ മാറ്റണം- കെജരിവാള്‍ പറഞ്ഞു.
നിര്‍ഭയ കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയവരുടെ വധിശിക്ഷ നടപ്പാക്കുന്നതിന് കോടതി ഇന്ന് മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പ്രതികളായ അക്ഷയ് സിങ്, പവന്‍ ഗുപ്ത, വിനയ് സിങ്, മുകേഷ് സിങ് എന്നിവരെയാണ് തൂക്കിലേറ്റുക. പട്യാല കോടതിയാണ് മരണ വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികളുടെ വധശിക്ഷ ഈ മാസം 22 ന് നടപ്പാക്കും.
രാവിലെ ഏഴുമണിയോടെയാണ് വധശിക്ഷ നടപ്പാക്കുക. നിര്‍ഭയയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് നിര്‍ണായക വിധി ഉണ്ടായിരിക്കുന്നത്. ഏഴുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇപ്പോള്‍ വിധി നടപ്പാക്കുന്നത്.
മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കിയാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി സതീഷ് അറോറ ഹര്‍ജിയില്‍ വിധി പറഞ്ഞത്. വിധി പ്രസ്താവത്തിനു മുമ്പ് തിഹാര്‍ ജയിലില്‍ കഴിയുന്ന പ്രതികളുമായി കോടതി വിഡിയോ കോണ്‍ഫറന്‍സിങ് വഴി ആശയ വിനിമയം നടത്തി.