ന്യൂഡല്‍ഹി: ഇത്തരം ക്രൂരമായ രാഷ്ട്രീയം രാജ്യത്ത് മുമ്പൊരിക്കലും കണ്ടിട്ടില്ലെന്ന് ശിവസേന. ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ശിവസേന രൂക്ഷമായി വിമര്‍ശിച്ചു. മോഡിക്കും അമിത് ഷായ്ക്കും ആവശ്യമുള്ളതാണ് ഇപ്പോള്‍ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും ശിവസേന ആരോപിച്ചു.
”ഭിന്നിപ്പിക്കല്‍ രാഷ്ട്രീയം” രാജ്യത്തിന് അപകടകരമാണെന്ന് ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ക്കെതിരായ ആക്രമണത്തെ മുംബൈ ഭീകരാക്രമണവുമായി താരതമ്യം ചെയ്ത ശിവസേന കുറ്റപ്പെടുത്തി. ജെഎന്‍യുവില്‍ മുഖംമൂടി ധരിച്ചെത്തിയ ഗുണ്ടാ സംഘം ആരാണെന്ന് എല്ലാവര്ക്കും അറിയാം. 2008 നവംബര്‍ 26 ന് മുംബൈയില്‍ ആക്രമണം നടത്തിയ തീവ്രവാദികളും മുഖംമൂടി ധരിച്ചാണെത്തിയതെന്നും ഇതു തന്നെയാണ് ജെഎന്‍യുവിലും കണ്ടതെന്നും ശിവസേന ആരോപിച്ചു.
ശിവസേന മുഖപത്രമായ ‘സാമ്ന’ യിലെ മുഖപ്രസംഗത്തിലായിരുന്നു ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ജെഎന്‍യുവിലെ ”അജ്ഞാതരായ” ആക്രമണകാരികള്‍ക്കെതിരെ കേസെടുക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം പരിഹാസ്യമാണ്. ജെഎന്‍യു ആക്രമണം രാജ്യത്ത് ഒരിടത്തും കാണാത്തതാണെന്നും മോഡിക്കും അമിത് ഷായ്ക്കും എന്താണോ വേണ്ടത്, അതാണിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും ശിവസേന കൂട്ടിച്ചേര്‍ത്തു.