ന്യൂഡല്‍ഹി: ജെഎന്‍യു ആക്രമണങ്ങളില്‍ വിദ്യാര്‍ത്ഥികളോട് സമരവുമായി മുന്നോട്ട് പോവാന്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. പ്രക്ഷോഭകാരികളുടെ കൂടെ തന്നെ ഉണ്ടെന്നും ആസാദ് പറഞ്ഞു. ആശുപത്രിയില്‍ നിന്നും എഴുതിയ കത്തിലാണ് ആസാദ് ഈ കാര്യം വ്യക്തമാക്കിയത്.
യൂണിഫോം പാവപ്പെട്ടവരെ സഹായിക്കാനും അവര്‍ക്ക് നീതി ലഭിക്കാനും വേണ്ടി രൂപപ്പെടുത്തിയ ഒന്നാണ്. ഡല്‍ഹി പോലീസ് ഇന്ത്യന്‍ ഭരണഘടനയെ ബഹുമാനിക്കുന്നുണ്ടെങ്കില്‍ ഈ മുഖംമൂടി അക്രമം നടത്തിയ മുഴുവന്‍ ഭീരുക്കളെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് ജയിലിലാക്കേണ്ടതുണ്ടെന്നും ആസാദ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 21 ന് ഡല്‍ഹി ജമാ മസ്ജിദില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 21 ന് ആസാദിന്റെ ജാമ്യം നിരസിച്ച ഡല്‍ഹി കോടതി ഇദ്ദേഹത്തെ 14 ദിവസത്തേക്കാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
അതേസമയം ചന്ദ്രശേഖര്‍ ആസാദിന്റെ ആരോഗ്യനില വശളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നീണ്ട പ്രതിഷേധത്തിനൊടുവിലാണ് ആസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡല്‍ഹിയിലെ ദീന് ദയാല്‍ ഉപധ്യായ് ആശുപത്രിയിലേക്കാണ് ആസാദിനെ എത്തിച്ചത്.
കത്തിന്റെ പൂര്‍ണ്ണരൂപം
ജനുവരി 5 ന് വൈകുന്നേരം എ.ബി.പി.വി (ആര്.എസ്.എസ്) യുടെ മുഖംമൂടി ധരിച്ച ഗുണ്ടകള്‍ ജെ.എന്‍.യു വില്‍ പഠിക്കുന്ന സഹോദരന്മാരെയും സഹോദരിമാരെയും അദ്ധ്യാപകരെയും മനുഷ്യത്വരഹിതമായി അക്രമിക്കുകയുണ്ടായി. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് അദ്ധ്യക്ഷയും ആക്രമിക്കപ്പെട്ടു. ഞാന്‍ ഈ വിഷയത്തില്‍ വളരെയേറെ ദുഖിതനാണ്. പരിക്കേറ്റവരെ സഹായിക്കാനും ശുശ്രൂഷിക്കാനും എന്റെ മുഴുവന്‍ സുഹൃത്തുക്കളും ഉണ്ടാവണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. വിദ്യാര്‍ത്ഥികളും അധ്യാപകരും എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നാശംസിക്കുന്നു. ഈ അക്രമങ്ങള്‍ നടക്കുമ്പോള്‍ മൂകസാക്ഷികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബോധവത്ക്കരണം നല്കാന് ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ധരിച്ചിരിക്കുന്ന യൂണിഫോം പാവപ്പെട്ടവരെ സഹായിക്കാനും അവര്‍ക്ക് നീതി ലഭിക്കാനും വേണ്ടി രൂപപ്പെടുത്തിയ ഒന്നാണ്. ദല്‍ഹി പോലീസ് ഇന്ത്യന്‍ ഭരണഘടനയെ ബഹുമാനിക്കുന്നുണ്ടെങ്കില്‍ ഈ മുഖംമൂടി അക്രമം നടത്തിയ മുഴുവന്‍ ഭീരുക്കളെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് ജയിലിലാക്കേണ്ടതുണ്ട്. കൂടാതെ ജെ.എന്‍.യു വില്‍ സുരക്ഷിതമായ ഒരന്തരീക്ഷം സൃഷ്ടിക്കാനും നിങ്ങള്‍ക്ക് ബാധ്യതയുണ്ട്.
ജെ.എന്‍.യു, ജാമിയ, ഡി.യു, എ.എം.യു, ഷഹീന് ബാഗ് തുടങ്ങിയ ഇടങ്ങളില്‍ നടക്കുന്ന പോരാട്ടങ്ങളെ ഞാന്‍ ഊഷ്മളമായി അഭിവാദ്യം ചെയ്യുന്നു. ജയ് ഭീം, നീല്‍ സലാം. നിങ്ങള്‍ ഈ സമരങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമായി മുന്നോട്ട് കൊണ്ടുപോകണം.
ഇത് ഇന്ത്യയാണ്. ഇന്ത്യയിലെ ഭരണഘടന അനുസരിച്ച് മാത്രമേ ഈ രാജ്യം മുന്നോട്ട് പോവുകയുള്ളൂ. ഞാന്‍ ജയിലില്‍ കിടക്കുകയാണെങ്കിലും എന്റെ ആശയലോകത്ത് ഞാന്‍ സ്വതന്ത്രനാണ്. തടവറ വിപ്ലവകാരിക്ക് ഒരു ആഭരണമാണ്. ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കാന്‍ അവസാനം വരെ പോരാടാന്‍ ഞാന്‍ സന്നദ്ധനാണ്. ഞങ്ങള്‍ നിങ്ങള്‍ പ്രക്ഷോഭകാരികളുടെ കൂടെത്തന്നെയുണ്ട്. നിങ്ങളുടെ പ്രിയ സഹോദരന്, സുഹൃത്ത്
ചന്ദ്രശേഖര്‍ ആസാദ്
ഭീം ആര്‍മി ചീഫ്
06 ജനുവരി 2020
Discussion about this post