ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ ആക്രമണ സംഭവങ്ങള്‍ നടന്നിട്ട് രണ്ട് ദിവസം പിന്നിടുമ്പോഴും ആക്രമികളെ പിടികൂടാനാകാതെ ഡല്‍ഹി പോലീസ്. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതായി ഡല്‍ഹി പോലീസ് ഡിസിപി ദേവേന്ദ്ര ആര്യ അറിയിച്ചു. സംഭവത്തിന് പിന്നിലെ ആക്രമികളെ ഉടന്‍ കണ്ടെത്തി അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും ഡിസിപി പറഞ്ഞു.
ഞായറാഴ്ച്ചയാണ് ജെഎന്‍യുവില്‍ ഇരുട്ടിന്റെ മറവില്‍ ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നില്‍ പുറത്തുനിന്നുള്ള എബിവിപി, ബിജെപി പ്രവര്‍കരാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. ആക്രണത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ക്യാമ്പസിന് പുറത്തുനിന്നും നിരവധി പേര്‍ എത്തി ആക്രമണം നടത്തിയെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. അതേസമയം ആക്രമണത്തിന് പോലീസ് സഹായം നല്‍കിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
ഇത്തരത്തിലുള്ള ആരോപണം നിലനില്‍ക്കവെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. അതേസമയം, സര്‍വകലാശാലയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം തകരാറിലാക്കിയെന്ന പരാതിയില്‍ യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കം 19 പേര്‍ക്കെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു. ജനുവരി നാലിന് ക്യാമ്പസിലെ സെര്‍വര്‍ റൂമില്‍ നാശനഷ്ടം വരുത്തിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സുരക്ഷ ഉദ്യാഗസ്ഥരെ ആക്രമിച്ചെന്നും എഫ്‌ഐര്‍ആറില്‍ പറയുന്നു. സര്‍വകലാശാല അധികൃതരാണ് പോലീസില്‍ പരാതി നല്‍കിയത്.
Discussion about this post