ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നടന്ന ആക്രമണത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയാണെന്ന് ഡിസിപി ദേവേന്ദ്ര ആര്യ. പ്രതികളെ തിരിച്ചറിയാനുള്ള അന്വേഷണം ആരംഭിച്ചുവെന്നും വേഗത്തിൽ അന്വേഷണം പൂർത്തിയാക്കുമെന്നും ഡിസിപി അറിയിച്ചു.
ഇതിനിടെ, കേസിൽ ഡൽഹി പോലീസ് ആറ് വകുപ്പുകൾ ചേർത്താണ് അക്രമികൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് വ്യക്തമാക്കുന്ന എഫ്ഐആറിന്റെ പകർപ്പ് പുറത്തുവന്നു. ആയുധമേന്തിയുള്ള കലാപ ശ്രമം, അനധികൃതമായി സംഘംചേരൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
അതേസമയം, ജെഎൻയു ഹോസ്റ്റലിൽ രാത്രി നടന്ന മുഖം മൂടി ആക്രമണത്തിൽ വൻ പ്രതിഷേധമാണ് ഇന്നു നടന്നത്. ക്യാമ്പസിനകത്ത് വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധ മാർച്ച് പ്രധാന ഗേറ്റിന് സമീപം മാർച്ച് പോലീസ് തടഞ്ഞു. തുടർന്ന് വിദ്യാർത്ഥികൾ കാമ്പസിന് മുന്നിൽ കുത്തിയിരിന് പ്രതിഷേധിച്ചു. യൂണിയൻ അധ്യക്ഷ ഐഷി ഘോഷ് അടക്കം പരിക്കേറ്റ വിദ്യാർത്ഥികൾ മാധ്യമങ്ങളെ കണ്ടു. സർവകലാശാലയിൽ നടന്നത് ആസൂത്രിതമായ അക്രമമാണെന്നും പിന്നിൽ ബിജെപിയും എബിവിപിയുമാണെന്നും ഐഷി ഘോഷ് ആരോപിച്ചു.
Discussion about this post