ബംഗളൂരു: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിയ്ക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ വ്യത്യസ്ത പ്രതിഷേധവുമായി ബംഗളൂരുവിലെ യുവജനങ്ങള്‍ രംഗത്തിറങ്ങി.
‘വസ്ത്രം കൊണ്ട് തിരിച്ചറിയുന്നുണ്ടോ’ എന്ന ചോദ്യവുമായി പൊട്ടു തൊട്ട്, ബുര്‍ഖയിട്ടാണ് ഇവര്‍ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചത്. മൂന്നോളം പ്രതിഷേധ കൂട്ടായ്മകളാണ് ഞായറാഴ്ച മാത്രം ബംഗളൂരുവില്‍ സംഘടിപ്പിക്കപ്പെട്ടത്. ബംഗളൂരുവിലെ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ബുര്‍ഖ-ബിന്ദി പ്രതിഷേധത്തില്‍ ഏകദേശം ആയിരത്തി അഞ്ഞൂറോളം ആളുകള്‍ പങ്കെടുത്തുവെന്ന് റിപ്പോര്‍ട്ടുകള്‍.
”ചില മാധ്യമങ്ങള്‍ പ്രതിഷേധ കൂട്ടായ്മകളെ മുസ്ലീം പ്രതിഷേധം എന്ന് വേര്‍തിരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ അത് ശരിയല്ല. എല്ലാ മതവിഭാഗത്തിലും പെട്ടവര്‍ ഈ പ്രതിഷേധ സംഗമത്തില്‍ അംഗങ്ങളായിട്ടുണ്ട്.” സംഘാടകരിലൊരാളായ പ്രജക്ത കുവാലേക്കര്‍ പറഞ്ഞു.
കലാകാരന്മാര്, ഗായകര്‍, ആക്റ്റിവിസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ളവര്‍ ഈ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.