ന്യൂഡല്‍ഹി: ഫ്രാന്‍സിലേക്ക് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് തിരിക്കുന്ന പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനെയും പ്രധാനമന്ത്രി മോഡിയേയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
റാഫേല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഴിമതി നടത്തിയെന്ന് ആവര്‍ത്തിച്ച രാഹുല്‍ ഫ്രഞ്ച് മാധ്യമമായ ‘മീഡിയ പാര്‍ട്ട്’ പുറത്തു വിട്ട റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ മോഡിക്കെതിരെ കൂടുതല്‍ വിമര്‍ശനങ്ങള്‍ നടത്തി. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ അഥവാ ചൗക്കിദാര്‍ എന്നാണ് മോഡി സ്വയം വിശേഷിപ്പിക്കുന്നത്. എന്നാല്‍ രാജ്യത്തിന്റെയല്ല അംബാനിയുടെ കാവല്‍ക്കാരന്‍ മാത്രമാണ് മോഡിയെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ പ്രധാനമന്ത്രി അഴിമതിക്കാരനാണെന്നതിന്റെ തെളിവുകളാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ പുറത്തുവിട്ടതെന്ന് രാഹുല്‍ പറഞ്ഞു. റഫേല്‍ കരാര്‍ യാഥാര്‍ത്ഥ്യമാകണമെങ്കില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കണമെന്ന് റഫേല്‍ നിര്‍മ്മാതാക്കളായ ദസ്സോള്‍ട്ടിന് മുന്നില്‍ മോഡി നിര്‍ബന്ധം പിടിച്ചു. കടം കയറിയ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ ബിസിനസ് രക്ഷിക്കാനാണ് മോഡി റഫേല്‍ കരാറിനെ സ്വാധീനിച്ചതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്റെ മൂന്ന് ദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനത്തേയും രാഹുല്‍ ചോദ്യം ചെയ്തു. എന്തിനാണ് അടിയന്തരമായി അവര്‍ ഫ്രാന്‍സിലേക്ക് പോയതെന്ന് എനിക്കറിയില്ല. ദസ്സോള്‍ട്ട് കൂടി സന്ദര്‍ശിക്കുന്നുണ്ടെന്ന് അറിയുന്നു. ഈ വിഷയത്തില്‍ പലതും പുറത്തുവരാതെ മറച്ചുവെയ്ക്കാനാണ് അവര്‍ പോയതെന്ന് വ്യക്തമാണെന്നും രാഹുല്‍ പറഞ്ഞു.
കുറ്റക്കാരെ രക്ഷിക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെന്നും കരാറുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും പുറത്തു വരുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.