ലഖ്‌നൗ: പൗരത്വ നിയമഭേദഗതി അനുസരിച്ച് ഇന്ത്യയില്‍ പൗരത്വം ലഭിക്കാന്‍ അര്‍ഹതയുള്ള കുടിയേറ്റക്കാരുടെ പട്ടിക തയ്യാറാക്കാന്‍ ഉത്തര്‍പ്രദേശില്‍ നടപടിതുടങ്ങി. യഥാര്‍ഥ കുടിയേറ്റക്കാര്‍ ഇന്ത്യയിലെ പൗരരാകുന്നു എന്നുറപ്പുവരുത്തുകയാണ് പട്ടികയുണ്ടാക്കുന്നതിന്റെ ഉദ്ദേശ്യമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം) അവനീഷ് അവസ്തി പറഞ്ഞു.
പൗരത്വനിയമം നടപ്പാക്കാനിറങ്ങുന്ന ആദ്യസംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ഇന്ത്യയില്‍ പൗരത്വം ലഭിക്കാന്‍ അര്‍ഹതയുള്ള കുടിയേറ്റക്കാരുടെ പട്ടിക തയ്യാറാക്കുന്നതിലൂടെ സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്നവരെയും കണ്ടെത്തും. പീഡനം സഹിക്കവയ്യാതെ പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്ന് കുടിയേറിയവരാണ് യുപിയില്‍ കൂടുതലുമുള്ളത്.
അഫ്ഗാനിസ്താനില്‍നിന്ന് കുടിയേറിയവര്‍ യുപിയില്‍ കുറവാണ്. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്ന് കുടിയേറി പൗരത്വമില്ലാതെ കഴിയുന്നവരെ കണ്ടെത്താന്‍ 75 ജില്ലാ മജിസ്‌ട്രേറ്റുമാരോടും നിര്‍ദേശിച്ചതായി അഡീഷണല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം) അവനീഷ് അവസ്തി പറഞ്ഞു.
ലഖ്‌നൗ, ഹാപുര്‍, രാംപുര്‍, ഷാജഹാന്‍പുര്‍, നോയ്ഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ കുടിയേറിയവരുള്ളത്. യഥാര്‍ഥ കുടിയേറ്റക്കാര്‍ ഇന്ത്യയിലെ പൗരരാകുന്നു എന്നുറപ്പുവരുത്തുകയാണ് പട്ടികയുണ്ടാക്കുന്നതിന്റെ ഉദ്ദേശ്യം. പുതിയ നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് ഇവര്‍ക്ക് പൗരത്വം നല്‍കുമെന്നും അവസ്തി പറഞ്ഞു. രാജ്യത്ത് അനധികൃതമായി താമസിക്കുന്ന മുസ്ലീം കുടിയേറ്റക്കാരെ കണ്ടെത്തി അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കും. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല.
Discussion about this post