ടെഹ്‌റാന്‍: ഇറാന്‍-അമേരിക്ക പോര്‍വിളി തുടരുന്നതോടെ ആശങ്കയിലായി ഇന്ത്യ. ഇറാനും അമേരിക്കയ്ക്കുമിടയില്‍ സമതുലന നയതന്ത്രം പുലര്‍ത്തുകയെന്നതാകും ഇന്ത്യക്കുള്ള പ്രധാന വെല്ലുവിളി.
ഇരുരാജ്യങ്ങളും സംഘര്‍ഷം തുടരുന്നതോടെ ഇന്ത്യയുടെ വിദേശ നയത്തെ മാത്രമല്ല സാമ്പത്തിക രംഗത്തെയും സാരമായി ബാധിച്ചേക്കും. അമേരിക്കന്‍ ഉപരോധത്തെ തുടര്‍ന്ന് ഇറാനില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നില്ലെങ്കിലും സംഘര്‍ഷം ഇറാഖില്‍ നിന്നുള്‍പ്പടെയുള്ള ചരക്ക് നീക്കത്തിന് വെല്ലുവിളിയാണ്. അതേസമയം, ഇറാന്‍ വിദേശകാര്യ മന്ത്രിയുമായുള്ള ആശയവിനിമയം തുടരുമെന്ന് വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി.
ഖാസിം സുലൈമാനിയുടെ വധത്തിന് പിന്നാലെ എണ്ണവിലയില്‍ നാല് ശതമാനം വര്‍ധയുണ്ടായി. ഈ സ്ഥിതി തുടര്‍ന്നാല്‍, അഞ്ചില്‍താഴെ നില്‍ക്കുന്ന ആഭ്യന്തര വളര്‍ച്ചാ നിരക്ക് ഇനിയും താഴോട്ട് പോകും. ഇറാനുമായി ചേര്‍ന്നുള്ള ഛബ്ബര്‍ തുറമുഖ പദ്ധതിയെയും സംഘര്‍ഷം ബാധിച്ചേക്കാം. അടുത്തിടെ ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ തുറമുഖ നിര്‍മ്മാണ സഹകരണമായിരുന്നു പ്രധാന ചര്‍ച്ച.
ഈമാസം 11 ന് ഡല്‍ഹിയില്‍ നടക്കുന്ന റെയ്‌സിന ഉച്ചകോടിയില്‍ ഇറാന്‍ വിദേശ കാര്യമന്ത്രി മുഹമ്മദ് ജാവേദ് സരിഫ് പങ്കെടുക്കുന്നുണ്ട്. ഇന്ത്യയുടെ ആശങ്കകള്‍ ഉച്ചകോടിയില്‍ അറിയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post