ഗാന്ധിനഗര്‍: രാജ്യത്ത് ശിശുമരണം വര്‍ധിച്ചുവരുമ്പോഴും കണ്ണടച്ചിരിക്കുകയാണ് ബിജെപി സര്‍ക്കാര്‍. രാജസ്ഥാനിലെ കോട്ടക്കു പിന്നാലെ ഗുജറാത്തിലും ശിശുമരണം വര്‍ധിക്കുന്നു. വിവിധ ആശുപത്രികളിലായി 134 കുട്ടികളാണ് ഇതിനോടകം മരിച്ചത്. ഗുജറാത്ത് ഉള്‍പ്പെടെ ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് പോഷകാഹര വിതരണവും ഒപ്പം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ നടത്തിപ്പും പൂര്‍ണ പരാജയമാണെന്ന് സ്ഥിരീകരിക്കുന്ന കണക്കുകളാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ 85 ഉം രാജകോട്ട് സിവില്‍ ആശുപത്രിയില്‍ 111 ഉം കുഞ്ഞുങ്ങളും മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റു ആശുപത്രികളിലും ശിശുമരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആശുപത്രി സന്ദര്‍ശിച്ച ഉന്നതതല സംഘം ഉടന്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പേഷകാഹാര കുറവും ഒപ്പം മാസം തികയാതെയുള്ള പ്രസവവുമാണ് ശിശുമരണനിരക്ക് ഉയരാന്‍ കാരണം.
രാജ്യത്ത് ശിശുമരണം ദിനംപ്രതി വര്‍ധിച്ച് വരുമ്പോഴും ഇത് സംബന്ധിച്ച് ഒരു തരത്തിലുള്ള പ്രതികരണവും ബിജെപി സര്‍ക്കാരില്‍ നിന്നും ഉണ്ടായിട്ടില്ല. കോട്ടയിലെ ശിശുമരണങ്ങള്‍ കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയ ആയുധമാക്കുന്ന സാഹചര്യത്തിലാണ് ബിജെപി തന്നെ ഭരിക്കുന്ന ഗുജറാത്തില്‍ നിന്നും പുതിയ കണക്കുകള്‍ പുറത്തുവരുന്നത്.