ജയ്പൂര്‍: രാജസ്ഥാന് കോട്ടയിലെ ജെകെ ലോണ്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നൂറിലധികം കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആശുപത്രിയുടെ ദയനീയാവസ്ഥ വെളിപ്പെടുത്തി അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്. ശിശുമരണങ്ങളെ കുറിച്ച് പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഒരു സാധാരണ ആശുപത്രിയില്‍ ഉണ്ടായിരിക്കേണ്ട പ്രാഥമിക സജ്ജീകരണങ്ങള്‍ പോലും കോട്ടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം ശിശുക്കളുടെ മരണ കാരണം ഹൈപ്പോതെര്‍മിയ(ശരീരത്തിലെ ചൂട് അതിവേഗം നഷ്ടപ്പെടുന്ന അവസ്ഥ)ആണെന്നാണ് അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്. രാജസ്ഥാനിലെ അതിശൈത്യത്തില്‍ കുട്ടികളുടെ ശരീരത്തിലെ താപനില അപകടകരമാം വിധത്തില്‍ കുറയുമ്പോള്‍ അതിനെ പ്രതിരോധിക്കുന്നതിന് ആവശ്യമായ പ്രാഥമിക സജ്ജീകരണങ്ങള്‍ ഒരുക്കുന്നതില്‍ ആശുപത്രി അധികൃതര്‍ പരാജയപ്പെട്ടുവെന്നും അത്യാവശ്യം ഉണ്ടായിരിക്കേണ്ട ജീവന്‍രക്ഷാ ഉപകരണങ്ങള്‍ പോലും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ലെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. നവജാത ശിശുക്കളുടെ ശരീര ഊഷ്മാവ് കുറഞ്ഞാല്‍ സാധാരണ നിലയിലെത്തും വരെ ഹീറ്ററുകള്‍ ഉപയോഗിച്ച് കുട്ടിയുടെ ശരീരത്തിന് ചൂട് നല്‍കണം. എന്നാല്‍ അത്തരത്തിലുള്ള ഒരു ഉപകരണവും ആശുപത്രിയില്‍ ഇല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതാണ് ശിശുമരണ നിരക്ക് കൂടാന്‍ കാരണമായി അന്വേഷണ സംഘം ചൂണ്ടിക്കാണിക്കുന്നത്.
ഇതിനു പുറമെ ആശുപത്രിയിലെ 28 നെബുലൈസറുകളില്‍ 22 എണ്ണവും 111 ഇന്‍ഫ്യൂഷന്‍ പമ്പുകളില്‍ 81 എണ്ണവും പ്രവര്‍ത്തനരഹിതമാണ്. ആശുപത്രിയിലെ പാരാ മോണിറ്ററുകളുടെയും പള്‍സ് ഓക്സിമെറ്റേഴ്സിന്റെയും അവസ്ഥയും ഇത് തന്നെയാണ്. ഐസിയു അണുവിമുക്തമാക്കിട്ട് മാസങ്ങളായെന്ന ഗുരുതര ആരോപണവും അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്.
Discussion about this post