‘ഒരിക്കലും ഒരു മിസ്ഡ് കോള്‍ ക്യാംപെയ്നില്‍ നിങ്ങള്‍ വിശ്വസിക്കരുത്’; ബിജെപിയുടെ മിസ്ഡ് കോള്‍ ക്യാംപെയ്‌നിനെതിരെ പ്രതികരിച്ച് സ്വര ഭാസ്‌കര്‍

ഇന്ത്യ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്നു' എന്ന ഹാഷ് ടാഗോടെ ഇന്നലെയാണ് ബിജെപി നേതാക്കളൊക്കെ തങ്ങളുടെ ട്വിറ്ററില്‍ ഒരു മൊബൈല്‍ നമ്പര്‍ ഷെയര്‍ ചെയ്തത്

മുംബൈ: രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. അതേസമയം പുതിയ മിസ്ഡ് കോള്‍ ക്യാംപെയ്ന്‍ തന്ത്രവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മോഡി സര്‍ക്കാര്‍. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം സ്വര ഭാസ്‌കര്‍. ‘ഒരിക്കലും ഒരു മിസ്ഡ് കോള്‍ ക്യാംപെയ്നില്‍ നിങ്ങള്‍ വിശ്വസിക്കരുത്’ എന്നാണ് താരം തന്റെ ട്വിറ്ററില്‍ കുറിച്ചത്. പരാജയം എന്നൊരു ഹാഷ് ടാഗും താരം ഇതിന് നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം ട്വിറ്ററില്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ട ചില ട്വീറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് സ്വര ഭാസ്‌കര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

മോഡി സര്‍ക്കാറിന്റെ പുതിയ തന്ത്രമാണ് ഈ ‘മിസ്ഡ് കോള്‍ ക്യാംപെയ്ന്‍’. ‘ഇന്ത്യ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്നു’ എന്ന ഹാഷ് ടാഗോടെ ഇന്നലെയാണ് ബിജെപി നേതാക്കളൊക്കെ തങ്ങളുടെ ട്വിറ്ററില്‍ ഒരു മൊബൈല്‍ നമ്പര്‍ ഷെയര്‍ ചെയ്തത്. പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ നല്‍കാന്‍ ഈ നമ്പരിലേക്ക് മിസ്ഡ് കോള്‍ ചെയ്യാനായിരുന്നു ബിജെപി നേതാക്കളുടെ ആഹ്വാനം.

അതേസമയം ഈ നമ്പര്‍ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്നതിന് വേണ്ടിയുള്ളതാണെന്ന് അറിയാതെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും വിധമാണ് ബിജെപി നേതാക്കള്‍ ഈ ഫോണ്‍ നമ്പര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. സ്ത്രീകളുടെ പേരിലുള്ള പല അക്കൗണ്ടുകള്‍ വഴിയും ‘മിസ്ഡ് കോള്‍ അടിച്ചാല്‍ തിരിച്ചുവിളിക്കാം’ എന്ന തരത്തിലും നെറ്റ്ഫ്ളിക്സ് കണക്ഷന്‍ ആറ് മാസത്തേക്ക് സൗജന്യമായി ലഭിക്കുന്നതിന് പ്രസ്തുത നമ്പരിലേക്ക് മിസ്ഡ് കോള്‍ ചെയ്താല്‍ സാധിക്കുമെന്നുമായിരുന്നു ചില സന്ദേശങ്ങള്‍ വന്നിരുന്നത്.


Exit mobile version