ചെന്നൈ: മറ്റുള്ള ബാബര്‍ന്മാരില്‍ നിന്നും വ്യത്യസ്തമായിരിക്കുകയാണ് തൂത്തുക്കുടിയിലെ സുശീല്‍ കുമാര്‍ ബ്യൂട്ടി ഹെയര്‍ സലൂണിലെ പൊന്‍മാരിയപ്പന്‍ എന്ന ബാബര്‍. തന്റെ സലൂണില്‍ മുടിവെട്ടാനും ഷേവു ചെയ്യാനുമെത്തുന്നവര്‍ക്ക് പൊന്‍മാരിയപ്പന്‍ ആയിരത്തോളം പുസ്തകങ്ങളടങ്ങിയ കൊച്ചു ഗ്രന്ഥശാല ഒരുക്കിയിരിക്കുകയാണ്.
പുസ്തകം വായിക്കുന്നവര്‍ക്ക് കട്ടിങ്ങിലും ഷേവിങ്ങിലും 30 ശതമാനം ഇളവും പൊന്‍മാരിയപ്പന്‍ നല്‍കുന്നു. പുസ്തകത്തെക്കുറിച്ച് കൊച്ചു നിരൂപണങ്ങള്‍ എഴുതിക്കൊടുക്കുന്നവര്‍ക്കുമുണ്ട് പ്രത്യേക ഇളവുകള്‍. കൂടാതെ മറ്റൊരു പ്രത്യേകത കൂടി ഈ ബാബര്‍ ഷോപ്പിനുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി നിരോധിച്ചതാണിത്.
ബാര്‍ബര്‍ ഷോപ്പില്‍ ഒരു അലമാരനിറയെ പുസ്തകങ്ങളാണ്. ഇംഗ്ലീഷ്, തമിഴ് ഭാഷകളിലുള്ള നോവലുകളും ചെറുകഥകളും പ്രമുഖരുടെ ആത്മകഥകളും ജീവചരിത്രങ്ങളുമൊക്കെ ഇതിലുണ്ട്. മൊബൈല്‍ ഫോണിന്റെ അമിതോപയോഗത്തില്‍ നിന്ന് യുവതലമുറയെ പിന്തിരിപ്പിക്കാനും ജനങ്ങളില്‍ വായനശീലം വളര്‍ത്താനും ലക്ഷ്യമിട്ടാണ് ഗ്രന്ഥശാല ഒരുക്കിയതെന്ന് പൊന്‍മാരിയപ്പന്‍ പറയുന്നു.
സാമ്പത്തിക ബാധ്യത കാരണം എട്ടാം ക്ലാസില്‍ പഠനം ഉപേക്ഷിച്ചതാണ്
പൊന്‍മാരിയപ്പന്‍.’വലിയ ഉദ്യോഗം മാത്രമായിരിക്കരുത് പഠനത്തിന്റെ ലക്ഷ്യം. പൊതുവിവരം വേണം. അതിന് വായന വേണം. വായിച്ചാലേ വളരാന്‍ പറ്റൂ” -പൊന്‍മാരിയപ്പന്‍ പറയുന്നു.
ആറുവര്‍ഷംമുമ്പാണ് ബാര്‍ബര്‍ ഷോപ്പിലേക്ക് പുസ്തകങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയത്. വരുമാനത്തില്‍ ഒരു വിഹിതം മാസംതോറും ഇതിനായി മാറ്റിവെച്ചു. പ്രസാധകരില്‍ നിന്നും ആക്രിക്കടക്കാരില്‍ നിന്നും ഒട്ടേറെ പുസ്തകങ്ങള്‍ വിലകൊടുത്തുവാങ്ങി. തൂത്തുക്കുടി എംപി കനിമൊഴി 50 പുസ്തകങ്ങള്‍ മാരിയപ്പന് സംഭാവനയായി നല്‍കി. പുതുതായി പുറത്തിറങ്ങുന്ന നല്ല പുസ്തകങ്ങള്‍ ഇന്നും വാങ്ങാറുണ്ട്.
കട്ടിങ്, ഷേവിങ് നിരക്കില്‍ ഇളവുലഭിക്കുമെന്ന് കണ്ടപ്പോള്‍ പലര്‍ക്കും വായിക്കാന്‍ പ്രേരണയുണ്ടായിത്തുടങ്ങി. ഇപ്പോള്‍ കടയില്‍ എത്തുന്നവര്‍ അഞ്ചു മിനിറ്റു കിട്ടിയാല്‍പ്പോലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ വായനയിലേക്കു തിരിയുന്നു. ഇതോടെ തന്റെ ലക്ഷ്യം സഫലമായെന്ന് 37-കാരനായ പൊന്‍മാരിയപ്പന്‍ പറയുന്നു.
Discussion about this post