ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത് വന്നിരിക്കുകയാണ്. 2030ടെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഏഴ് ലക്ഷം കോടി ഡോളര്‍ വലിപ്പം കൈവരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ജര്‍മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ്യുഷെ(Deutsche) ബാങ്കിന്റേതാണ് ഈ റിപ്പോര്‍ട്ട്.
അതായത് 2020 മുതല്‍ 2030 വരെയുള്ള പത്ത് വര്‍ഷം ശരാശരി 10 ശതമായിരിക്കും വളര്‍ച്ച. ഇന്ത്യയുടെ ജിഡിപി ഇപ്പോള്‍ മൂന്നു ലക്ഷം കോടി ഡോളറാണ്. ഇത് 2030ടെ ഏഴ് ലക്ഷം കോടി ഡോളര്‍ ആകണമെങ്കില്‍ സാമ്പത്തിക രംഗത്ത് വരുന്ന പത്തു വര്‍ഷം കൊണ്ട് അതിശക്തമായ മുന്നേറ്റം രാജ്യം കാഴ്ചവെയ്ക്കേണ്ടതുണ്ട്.
കോര്‍പറേറ്റ് നികുതി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ഇന്ത്യയിലേക്ക് കൂടുതല്‍ വിദേശനിക്ഷേപം എത്താന്‍ കാരണമാകുമെന്നു റിപ്പോര്‍ട്ട് പറയുന്നു. കൂടാതെ, നോട്ട് നിരോധനം, ജിഎസ്ടി എന്നിവയുടെ ആനുകൂല്യം അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തേകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
കഴിഞ്ഞ ദിവസം ഇന്ത്യയ്ക്ക് ആശ്വാസമേകുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്തു വന്നിരുന്നു. 2026 ല്‍ ജര്‍മ്മനിയെ മറികടന്ന് ഇന്ത്യ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്നായിരുന്നു ആ റിപ്പോര്‍ട്ട്. ബ്രിട്ടന് ആസ്ഥാനമായ സെന്റര്‍ ഫോര്‍ ഇക്കണോമിക്സ് ആന്റ് ബിസിനസ് റിസര്‍ച്ച് ആണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
ജപ്പാനെ മറികടന്ന് 2034 ല്‍ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. 2026 ല്‍ ഇന്ത്യ അഞ്ച് ട്രില്യണ്‍ യുഎസ് ഡോളര്‍ വലിപ്പമുള്ള സാമ്പത്തിക ശക്തിയാകുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Discussion about this post