ന്യൂഡൽഹി: രാജ്യമൊട്ടാകെ ദേശീയ പൗരത്വ നിയമ ഭേദഗതി, പൗരത്വ രജിസ്റ്റർ എന്നിവയ്ക്കെതിരെ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെ കേന്ദ്രസർക്കാരിനെ തള്ളി മുതിർന്ന നിരീക്ഷകരും രംഗത്ത്. പൗരത്വ ഭേദഗതിയും പൗരത്വ രജിസ്റ്ററും നടപ്പാക്കുന്നതുമായി മുന്നോട്ട് പോയാൽ ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് തന്നെ ആഗോളതലത്തിൽ മങ്ങലേൽക്കുമെന്ന് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും മുൻ വിദേശകാര്യ സെക്രട്ടറിയുമായ ശിവശങ്കർ മേനോൻ അഭിപ്രായപ്പെട്ടു.
നിലവിൽ വളരെ മോശമായ പ്രതികരണമാണ് ഇവ സംബന്ധിച്ച് അന്താരാഷ്ട്ര തലത്തിലുള്ളത്. നയതന്ത്രം കൂടുതൽ കടുപ്പമേറിയതാകും. നിലവിൽ രാജ്യം ബഹുസ്വരവും മതേതരവുമായ ഒരു സമൂഹമാണ്. അതിനാൽ ഭീകരവാദം അടക്കമുള്ളവ വളരെ കുറഞ്ഞ അളവിൽ മാത്രമെ ഇന്ത്യയെ ബാധിച്ചിട്ടുള്ളു. എന്നാൽ, പുതിയ നീക്കത്തിലൂടെ രാജ്യമെന്ന ആശയംപോലും ചോദ്യംചെയ്യപ്പെടുകയാണ്. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് സ്ഥാനമില്ലെന്ന സ്ഥിതി വന്നാൽ അത് വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും.
വിദേശനയവുമായി ബന്ധപ്പെട്ട തിരിച്ചടികൾക്ക് ഇവ കാരണമാകുമെന്നാണ് അദ്ദേഹം ഒരു സ്വകാര്യമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ ഒറ്റപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post