ബംഗാള്‍: ഒരു കോടി ലോട്ടറിയടിച്ച എഴുപതുകാരന് പോലീസിന്റെ സംരക്ഷണം തേടി. ബംഗാളിലെ ഈസ്റ്റ് ബര്‍ദ്വാനിസെ കല്‍നയിലാണ് എഴുപതുകാരന് പോലീസ് സംരക്ഷണം തേടിയത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഇന്ദ്രനാരായണ എന്ന എഴുപതുകാരന് ഒരു കോടി രൂപ ലോട്ടറിയടിച്ചത്. ലോട്ടറിയടിച്ച രാത്രി മുതല്‍ തനിക്ക് ഭയമാണെന്നും വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാകുന്നില്ലെന്നും ഇന്ദ്രനാരായണ്‍ സെന്‍ പോലീസിനെ അറിയിക്കുകയായിരുന്നു.
ട്യൂബ്വെല് ഓപറേറ്ററായിരുന്ന ഇന്ദ്രനാരായണ്‍ 10 വര്‍ഷം മുമ്പ് ജോലിയില്‍നിന്ന് വിരമിച്ചു. കല്‍നയിലെ സഹാപര ഗ്രാമത്തിലായിരുന്നു താമസം. ഇയാള്‍ക്ക് എല്ലാ ദിവസവും ലോട്ടറിയെടുക്കുന്ന സ്വഭാവമുണ്ടായിരുന്നു. ഞായറാഴ്ച നാഗാലാന്റിന്റെ 60 രൂപ വിലയുള്ള 10 ടിക്കറ്റ് എടുത്തു. പോക്കറ്റില്‍ മടക്കി സൂക്ഷിച്ചെങ്കിലും ഫലമൊന്നും നോക്കിയില്ല. എന്നാല്‍, ലോട്ടറി വില്പനക്കാരനായ മിന്റി ബിസ്വാസ് എന്നയാളാണ് തന്റെ കടയില്‍നിന്ന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്നറിഞ്ഞത്.
ബാങ്കില്‍ ലോട്ടറി ടിക്കറ്റ് കൊടുത്തപ്പോള്‍ മൂന്ന് മാസത്തിനകം പണം അക്കൗണ്ടില്‍ വരുമെന്ന് അറിയിച്ചു. എന്നാല്‍, ഇയാളുടെ ഭയം വര്‍ധിച്ചു. തന്നെ ആരെങ്കിലും ആക്രമിച്ച് പണം തട്ടുമോ എന്ന ഭയത്താല്‍ പുറത്തിറങ്ങിയില്ല. തുടര്‍ന്നാണ് സംരക്ഷണം തേടി പോലീസിനെ സമീപിച്ചത്.
അതേസമയം, ഇന്ദ്രനാരായണ്‍ സെന്നിന് സുരക്ഷ നല്‍കുമെന്നും ഭയപ്പെടേണ്ടെന്നും പോലീസ് ഓഫിസര്‍ രാകേഷ് സിംഗ് ഉറപ്പ് നല്കി.
Discussion about this post