ജനരോഷം അണയുന്നില്ല; പൗരത്വ നിയമ ഭേദഗതിക്കെതിരെ മദ്രാസ് ഹൈക്കോടതിക്ക് മുന്നില്‍ ഇന്ന് അഭിഭാഷരുടെ മനുഷ്യച്ചങ്ങല; കോഴിക്കോട് പൗരാവലിയുടെ മഹാറാലി

മുംബൈ: രാജ്യത്ത് പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ പ്രക്ഷോഭം തുടരുന്നു. അഭിഭാഷകരുടെ നേതൃത്വത്തില്‍ മദ്രാസ് ഹൈക്കോടതിയ്ക്ക് മുന്‍പില്‍ ഇന്ന് മനുഷ്യ ചങ്ങല തീര്‍ക്കും. ബാര്‍ കൗണ്‍സിലിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്കൊപ്പം നിയമ വിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍ പങ്കെടുക്കും. ഇന്ന് രാവിലെ 11 മണിയ്ക്കാണ് പ്രതിഷേധ പരിപാടി.

അതേസമയം, തമിഴ്‌നാട്ടിലും കേരളത്തിലും പ്രതിഷേധങ്ങള്‍ ശക്തമാവുകയാണ്. കോലം വരച്ച് പ്രതിഷേധിച്ച സംഘത്തെ അറസ്റ്റ് ചെയ്തതും പിടിയിലായതില്‍ ഗായത്രി എന്ന യുവതിയ്ക്ക് പാകിസ്താനുമായി ബന്ധമുണ്ടെന്ന പോലീസിന്റെ പ്രസ്താവനയും വിവാദമായിട്ടുണ്ട്. പ്രതിഷേധ സ്വരമുയര്‍ത്തി കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സമരരംഗത്തേക്ക് ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോഴിക്കോട് പൗരത്വ നിയമ ഭേദഗതിക്കെതിരെ പൗരാവലിയുടെ നേതൃത്വത്തില്‍ മഹാറാലി ഇന്ന് നടക്കും. വൈകിട്ട് നാലിന് കടപ്പുറത്തെ രക്ത സാക്ഷി മണ്ഡപത്തില്‍ നിന്ന് റാലി ആരംഭിക്കും. സാംസ്‌കാരിക സാമൂഹ്യ മത രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ റാലിയില്‍ പങ്കെടുക്കും. പൗരത്വ നിയമത്തിനെതിരെ ചാലക്കുടി ലോക്‌സഭ മണ്ഡലത്തിലെ കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഇന്ന് ജനകീയയാത്ര നടത്തും. ബെന്നി ബെഹ്നാന്‍ എംപിയുടെ നേതൃത്വത്തില്‍ നടക്കുന്ന റാലി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

Exit mobile version