പനാജി: പൗരത്വ നിയമഭേദഗതിയിലും പൗരത്വ രജിസ്റ്ററിലും കോൺഗ്രസ് കൈക്കൊണ്ട നിലപാട് പാർട്ടിക്കുള്ളിൽ തന്നെ വ്യക്തമാക്കാൻ ആയിട്ടില്ലെന്നതിന്റെ തെളിവുകൾ പുറത്ത്. പാർട്ടിയുടെ സിഎഎ, എൻആർസി നിലപാടിൽ പ്രതിഷേധിച്ച് ഗോവയിലെ നാലുനേതാക്കാൾ വ്യാഴാഴ്ച കോൺഗ്രസിൽ നിന്നും രാജിവെച്ചു. പനാജി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി അധ്യക്ഷൻ പ്രസാദ് അമോങ്കർ, ഉത്തര ഗോവ ന്യൂനപക്ഷ സെൽ തലവൻ ജാവേദ് ശൈഖ്, ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ദിനേശ് കുബാൽ, മുൻ യുവനേതാവ് ശിവ്രാജ് ടർകർ എന്നിവരാണ് രാജിവെച്ചത്. കൂട്ടത്തിൽ ജാവേദ് ശൈഖ് ഒഴികെയുള്ള മൂന്ന് നേതാക്കളും ബിജെപിയിൽ ചേരുകയും ചെയ്തു.
പൗരത്വനിയമ ഭേദഗതിയെ പിന്തുണയ്ക്കുന്നുവെന്നാണ് ഇവർ രാജിക്കുശേഷം ഇവർ പറഞ്ഞു. നിയമഭേദഗതിയെപ്പറ്റി കോൺഗ്രസ് പൊതുജനങ്ങളെ, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളെ വഴിതെറ്റിക്കാൻ ശ്രമിക്കുകയാണെന്ന് അമോങ്കർ ആരോപിച്ചു. സിഎഎയ്ക്കും എൻആർസിക്കുമെതിരേയുള്ള കോൺഗ്രസിന്റെ തെറ്റായ നിലപാടിനെ എതിർക്കുന്നു. പ്രതിപക്ഷമെന്ന നിലയിൽ, നാം വിമർശനബുദ്ധിയുള്ളവരാകണം. എതിർക്കാൻവേണ്ടി എതിർക്കരുത്. സിഎഎ സ്വാഗതം ചെയ്യപ്പെടേണ്ടതാണെന്നും അമോങ്കർ പറഞ്ഞു.
ഗോവ സമാധാനമിഷ്ടപ്പെടുന്ന നാടാണെന്നും ന്യൂനപക്ഷത്തെ ഇളക്കിവിടാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഭരണഘടനാവിരുദ്ധമെന്ന് പറഞ്ഞാണ് കോൺഗ്രസ് സിഎഎയ്ക്കെതിരേ പ്രതിഷേധിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ പാർട്ടിക്കുള്ളിൽ തന്നെ സമവായമുണ്ടാക്കാനോ നേതാക്കളെ തന്നെ പാർട്ടി നിലപാട് ബോധ്യപ്പെടുത്താനോ സാധിക്കാതെ പാർട്ടി നേതൃത്വം പരാജയപ്പെട്ടിരിക്കുകയാണ്. ഇതോടെ നാല് നേതാക്കളുടെ രാജി പ്രതിപക്ഷത്തെ തല്ലാനുള്ള ബിജെപിക്ക് കിട്ടിയ വടിയായി മാറുകയും ചെയ്തിരിക്കുകയാണ്.
Discussion about this post