ന്യൂഡൽഹി: രാജസ്ഥാനിലെ കോട്ട സർക്കാർ ആശുപത്രിയിൽ ശിശുക്കൾ മരിച്ച സംഭവത്തിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കയേയും കോൺഗ്രസ് നേതൃത്വത്തേയും വിമർശിച്ച് യോഗി ആദിത്യ നാഥും മായാവതിയും. ഡിസംബർ മാസത്തിൽ മാത്രം നൂറ് ശിശുക്കളാണ് ഇവിടെ മരണപ്പെട്ടത്. എന്നിട്ടും ഈ കുടുംബങ്ങളെ പ്രിയങ്ക ഗാന്ധിയോ സോണിയ ഗാന്ധിയോ തിരിഞ്ഞു നോക്കിയില്ലെന്ന് യോഗി ആദിത്യ നാഥ് കുറ്റപ്പെടുത്തി. വിഷയത്തിൽ നിർവികാരവും നിരുത്തവരവാദപരവുമായ സമീപനമാണ് കോൺഗ്രസിന്റേതെന്ന് ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതി വിമർശിച്ചു. വിഷയത്തിൽ പ്രതികരിക്കാത്തതിന് പ്രിയങ്ക ഗാന്ധിയെ കുറ്റപ്പെടുത്തുകയും ചെയ്തു.
‘കോട്ട ആശുപത്രിയിലെ കുട്ടികൾ നഷ്ടപ്പെട്ട അമ്മമാരെ സന്ദർശിക്കാനോ സാന്ത്വനിപ്പിക്കാനോ കോൺഗ്രസിന്റെ വനിതാ ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി തയ്യാറായിട്ടില്ല. അങ്ങനെയാണെങ്കിൽ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ ഉൾപ്പെട്ടവരുടെ വീടുകളിൽ പ്രിയങ്ക സന്ദർശനം നടത്തുന്നത് രാഷ്ട്രീയ താല്പര്യം നോക്കിയാണെന്ന് കരുതേണ്ടി വരും. ഈ വിഷയത്തിൽ നിർവികാരവും നിരുത്തവരവാദപരവുമായ സമീപനമാണ് കോൺഗ്രസിന്റേത്. ഇത് അപലപനീയമാണ്.’ – മായാവതി സോഷ്യൽമീഡിയയിൽ കുറിച്ചു.
അതേസമയം, കോട്ടയിലെ ആശുപത്രിയിൽ നൂറുകുട്ടികൾ മരിച്ച സംഭവം ഹൃദയഭേദകമാണ്. അമ്മമാർക്കുണ്ടായ നഷ്ടം മാനുഷിക മൂല്യങ്ങൾക്കും സാമൂഹിക സുരക്ഷിതത്വത്തിനും എതിരാണ്. സ്ത്രീകളായിരുന്നിട്ടുകൂടി കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കും അതുമനസ്സിലാകുന്നില്ലെന്നുള്ളത് സങ്കടകരമാണെന്നായിരുന്നു യോഗിയുടെ ട്വീറ്റ്.
പിന്നാലെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ വിവരം ധരിപ്പിച്ചുവെന്നാണ് രാജസ്ഥാന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് അവിനാഷ് പാണ്ഡെ പ്രതികരിച്ചിരിക്കുന്നത്.