ബംഗളൂരു: ബംഗളൂരില്‍ ഡ്രൈവറെ കത്തികാട്ടി ഭീഷണിപ്പെടുത്തി നാലംഗ സംഘം
ടാക്സി കാറുമായി കടന്നു കളഞ്ഞു. ബംഗളൂരു നഗരത്തില്‍ ഓള്‍ഡ് മദ്രാസ് റോഡിലെ കെഇബി സര്‍ക്കിളിനു സമീപമാണ് സംഭവം. നാലംഗ സംഘം ചായക്കടക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ടാക്സി ഡ്രൈവറില്‍ നിന്ന് കാര്‍ തട്ടിയെടുത്ത് കടന്നുകളയുകയും ചെയ്യുകയായിരുന്നു.
ഇരു ചക്രവാഹനങ്ങളിലെത്തിയ സംഘം വഴിയാത്രക്കാരെയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതായി ദൃക്സാക്ഷികള്‍ പറയുന്നു. സംഭവത്തില്‍ ടാക്സി ഡ്രൈവറായ ശ്രീധര്‍, ചായവില്‍പ്പനക്കാരനായ രാജണ്ണ എന്നിവര്‍ ഹൊസ്ക്കോട്ടെ പോലീസില്‍ പരാതി നല്കി.
റോഡരികില്‍ ചായ കുടിച്ച് നില്‍ക്കുകയായിരുന്നു തന്റെ സമീപമെത്തിയ അക്രമി സംഘം ആദ്യം ചായക്കടക്കാരനെ ഭീഷണിപ്പെടുത്തുകയും പണം നല്‍കാതെ വന്നപ്പോള്‍ ആക്രമിച്ച് പണം കൈവശപ്പെടുത്തുകയുമായിരുന്നു. ഉടനെ തന്റെ നേരെ തിരിഞ്ഞ സംഘം മൊബൈല്‍ ഫോണും പണവും ആവശ്യപ്പെട്ടു.
കൈയ്യിലുള്ളതെല്ലാം നല്കിയ ശേഷം കാറിന്റെ താക്കോല്‍ നല്‍കണമെന്ന് ഭീഷണിപ്പെടുത്തി. താക്കോല്‍ കാറില്‍ തന്നെയാണെന്നു മനസ്സിലാക്കിയ സംഘത്തിലൊരാള്‍ കാറിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞെങ്കിവും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സംഘം കാറുമായി കടന്നുകളയുകയായിരുന്നുവെന്ന് ടാക്സി ഡ്രൈവര്‍ പറയുന്നു.
കാറില്‍ അതുവഴി വന്ന മറ്റൊരാളുടെ സഹായത്തോടെ അക്രമി സംഘത്തെ പിന്തുടര്ന്നെങ്കിലും അവര്‍ രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. കാറിനു പുറമേ കൈയ്യിലുണ്ടായിരുന്ന 3000 രൂപയും മൊബൈല്‍ ഫോണും ലൈസന്‍സ് അടക്കമുള്ള രേഖകളും നഷ്ടപ്പെട്ടതായും ശ്രീധര്‍ പോലീസിനെ അറിയിച്ചു.
അതേസമയം, മോഷണത്തിനും അക്രമത്തിനും പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തു.അക്രമത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ ചായക്കടക്കാരന് രാജണ്ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post