ബംഗളൂരു: രാജ്യം പാസ്സാക്കിയ നിയമത്തിനെതിരെയല്ല, ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന പാകിസ്താന്റെ നയങ്ങള്‍ക്ക് എതിരെയാണ് കോണ്‍ഗ്രസും മറ്റുള്ളവരും പ്രതിഷേധിക്കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.
പാകിസ്താന് രൂപവത്കരിക്കപ്പെട്ടത് മതത്തിന്റെ അടിസ്ഥാനത്തിലാണെന്നും മതന്യൂനപക്ഷങ്ങള്‍ അവിടെ പീഡിപ്പിക്കപ്പെടുകയാണെന്നും മോഡി പറഞ്ഞു. കര്‍ണാടകയിലെ തുംകുരുവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്താന് ഹിന്ദുക്കളെയും സിഖുകാരെയും ദ്രോഹിക്കുകയാണ്. ഇതിനെതിരെയാണ് പ്രതിഷേധിക്കേണ്ടത്. പാകിസ്താനില്‍ പീഡനത്തിനിരയായവര്‍ക്ക് അഭയാര്‍ഥികളായി ഇന്ത്യയിലേക്ക് വരേണ്ടിവന്നു. എന്നാല്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും പാകിസ്താനെതിരെ സംസാരിക്കുന്നതേയില്ല. പകരം അവര്‍ ഈ അഭയാര്‍ഥികള്‍ക്കെതിരെ റാലികള്‍ സംഘടിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ പാര്‍ലമെന്റിനോട് സമരം ചെയ്യുന്നവരോട് എനിക്കു പറയാനുള്ളത് അന്താരാഷ്ട്ര തലത്തില്‍ പാകിസ്താന്റെ ചെയ്തികളെ പുറത്തു കൊണ്ടുവരികയാണ് ഇന്നത്തെ കാലത്തിന്റെ ആവശ്യമെന്നാണ്. നിങ്ങള്‍ക്ക് പ്രതിഷേധിക്കണമെങ്കില്‍, കഴിഞ്ഞ എഴുപതുവര്‍ഷമായുള്ള പാകിസ്താന്റെ ചെയ്തികള്‍ക്കെതിരെ ശബ്ദമുയര്ത്തൂവെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post