ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ഡൽഹി നിർഭയ കേസിലെ നാല് പ്രതികളേയും ഒരുമിച്ച് തൂക്കിലേറ്റാൻ തിഹാർ ജയിലിൽ തയ്യാറെടുപ്പുകൾ പൂർത്തിയായി. നാല് പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റുന്നതിനായുള്ള പുതിയ തൂക്കുമരം തിഹാർ ജയിലിൽ തയ്യാറായതായി ദേശീയമാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ നാല് പ്രതികളെ ഒരേസമയം വധശിക്ഷയ്ക്ക് വിധേയമാക്കുന്ന ആദ്യത്തെ ജയിലായി തിഹാർ മാറും. ഈ ജയിലിൽ ഇതുവരെ ഒരു പലക മാത്രമേ തൂക്കിലേറ്റാൻ ഉണ്ടായിരുന്നുള്ളു.
മൃതദേഹം വഹിക്കാനുള്ള തുരങ്കവും തൂക്കിലേറ്റുന്നതിനുള്ള ചട്ടക്കൂടും നിർമ്മിക്കാൻ കഴിഞ്ഞ ദിവസം ജയിൽ വളപ്പിൽ ജെസിബി എത്തിച്ച് പണികൾ നടത്തിയിരുന്നു. മണ്ണിനടിയിലേക്ക് കുഴിക്കുന്ന തുരങ്കത്തിലൂടെയാണ് തൂക്കിലേറ്റപ്പെട്ടവരുടെ മൃതദേഹങ്ങൾ കൈമാറുക. ഇതിനിടെ, ദയാ ഹർജി സമർപ്പിക്കുന്നതിന് മുമ്പ് തിരുത്തൽ ഹർജി നൽകാനുള്ള സാധ്യതയുണ്ടെന്ന് കഴിഞ്ഞയാഴ്ച നാല് പ്രതികളിൽ മൂന്നു പേർ തിഹാർ ജയിൽ അധികൃതരോട് പറഞ്ഞിരുന്നു. കുറ്റവാളിക്ക് അവസാനമായി സാധ്യമാകുന്ന നിയമ മാർഗമാണിത്. ഡിസംബർ 18ന് കേസിലെ പ്രതി അക്ഷയ് സിങ് ഠാക്കൂർ സമർപ്പിച്ച പുനപരിശോധന ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനെ പിന്നാലെയാണ് പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കി സുപ്രീംകോടതി വിധി വരുന്നത്.
നിർഭയ കൊല്ലപ്പെട്ട് ഏഴ് വർഷം തികയുമ്പോഴാണ് കേസിലെ പ്രതികളായ നാല് പേർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കികൊണ്ടുള്ള സുപ്രീംകോടതിയുടെ വിധി വരുന്നത്. 2012 ഡിസംബർ 16 -ന് രാത്രിയായിരുന്നു അറുപേർ ചേർന്ന് നിർഭയ എന്ന 23 -കാരിയെ പൈശാചികമായി ബലാത്സംഗം ചെയ്തത്. ഡിസംബർ 29-ന് ചികിത്സയ്ക്കിടെ പെൺകുട്ടി മരണത്തിന് കീഴടങ്ങി. ആറ്പ്രതികളിൽ ജുവൈനലായ പ്രതി ശിക്ഷാ കാലാവധി പൂർത്തിയാക്കി ജയിൽ മോചിതനായിരുന്നു. മറ്റൊരു പ്രതിയെ ജയിലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. ബാക്കിയുള്ള നാല് പേരാണ് തിഹാർ ജയിലിൽ മരണം കാത്ത് കിടക്കുന്നത്.
Discussion about this post