പൗരത്വ നിയമത്തിനെതിരെ കോലം വരച്ചവര്‍ക്ക് പാകിസ്താന്‍ ബന്ധമെന്ന് സംശയം; പരിശോധിക്കുമെന്ന് തമിഴ്‌നാട് പോലീസ്

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരേ തമിഴ്‌നാട്ടില്‍ കോലംവരച്ച് പ്രതിഷേധിച്ചവര്‍ക്ക് പാകിസ്താന്‍ ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്ന് പോലീസ്. പാകിസ്താന്‍ മാധ്യമക്കൂട്ടായ്മയുടെ ഫേസ്ബുക്ക് പേജില്‍ ഇവര്‍ അംഗങ്ങളാണെന്നും പോലീസ് പറഞ്ഞു.

അസോസിയേഷന്‍ ഓഫ് സിറ്റിസണ്‍ ജേണലിസ്റ്റ് എന്ന പാക് ഫേസ്ബുക്ക് കൂട്ടായ്മയില്‍ ഗായത്രി എന്ന സമരക്കാരി അംഗമാണ് എന്നാണ് പോലീസ് പറയുന്നത്. ഇവര്‍ക്ക് പാക് ബന്ധമുണ്ടോയെന്ന കാര്യം കൃത്യമായി പരിശോധിക്കുമെന്ന് ചെന്നൈ കമ്മീഷണര്‍ എകെ വിശ്വനാഥ് വ്യക്തമാക്കി.

അതെസമയം ഇവരുടെ പാക് ബന്ധം സംബന്ധിച്ച് ഉയര്‍ത്തിക്കാട്ടിയ ഏക തെളിവ് ഫേസ്ബുക്ക് കൂട്ടായ്മയില്‍ അംഗമാണെന്ന കാര്യം മാത്രമാണ്. പൗരത്വ നിയമത്തിന് എതിരെ കഴിഞ്ഞ ഞായറാഴ്ച ബസന്ത് നഗറിലാണ് കോലം വരച്ച് പ്രതിഷേധം സംഘടിപ്പിച്ചത്.

തുടര്‍ന്ന് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെ ഈ പ്രതിഷേധം
സംസ്ഥാനത്ത് ആകമാനം വ്യാപിച്ചിരുന്നു. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍, എംപി കനിമൊഴി എന്നിവരുടെ വീടുകള്‍ക്കു മുന്നിലും സിഎഎ, എന്‍ആര്‍സി എന്നിവയ്‌ക്കെതിരെ മുദ്രാവാക്യങ്ങളുമായി കോലങ്ങള്‍ പ്രത്യക്ഷപ്പെട്ടു.

Exit mobile version