കൊൽക്കത്ത: റിപ്പബ്ലിക് ദിന പരേഡിന് അവതരിപ്പിക്കാൻ അനുവാദം തേടി പശ്ചിമബംഗാൾ സമർപ്പിച്ച നിശ്ചലദൃശ്യം കേന്ദ്ര പ്രതിരോധ മന്ത്രാലയം നിരസിച്ചു. ഇതോടെ മുഖ്യമന്ത്രി മമത ബാനർജിയും കേന്ദ്ര സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിന് തീവ്രത വർധിക്കുമെന്ന് ഉറപ്പായി. ബംഗാൾ സർക്കാരിന്റെ നിശ്ചല ദൃശ്യം വിദഗ്ധ സമിതി രണ്ട് ഘട്ടമായി നടത്തിയ യോഗങ്ങളിൽ പരിശോധിച്ചെന്നും പിന്നീടാണ് തള്ളിയതെന്നും സർക്കാർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. പരേഡിനായി സംസ്ഥാനങ്ങളിൽനിന്നും കേന്ദ്ര ഭരണപ്രദേശങ്ങളിൽനിന്നുമായി 32 നിശ്ചലദൃശ്യങ്ങളും വിവിധ മന്ത്രാലയങ്ങളിൽനിന്നായി 24 എണ്ണവും നിർദേശമായി ലഭിച്ചിരുന്നു. ഇതിൽനിന്ന് 22 എണ്ണമാണ് ഷോർട്ട് ലിസ്റ്റ് ചെയ്തത്. പരേഡിന്റെ മൊത്തത്തിലുള്ള സമയ ദൈർഘ്യം കാരണം പരിമിതമായ എണ്ണം മാത്രമാണ് പരിഗണിക്കുക.
2019ലെ റിപ്പബ്ലിക് ദിന പരേഡിൽ ബംഗാളിന്റെ നിശ്ചലദൃശ്യം ഉൾപ്പെടുത്തിയിരുന്നു. വിഷയം, ആശയം, രൂപകൽപ്പന, ദൃശ്യപ്പൊലിമ എന്നിവയുടെ അടിസ്ഥാനത്തിലാണു വിദഗ്ധ സമിതി നിശ്ചലദൃശ്യങ്ങൾ പരിശോധിക്കുക. അതേസമയം, വെള്ളം ലാഭിക്കുന്നതിനുള്ള മാതൃക ഉൾപ്പെടെ ബംഗാളിലെ വികസന പ്രവർത്തനങ്ങൾ എന്ന വിഷയമാണ് ബംഗാളിന്റെ പ്ലോട്ടിന് ആശയമായി സ്വീകരിച്ചത്. ഇവ അംഗീകരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ബംഗാൾ സർക്കാർ. പ്ലോട്ട് തള്ളിയതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നു ബംഗാൾ സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ബംഗാൾ സർക്കാർ ദേശീയ പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും ഉൾപ്പടെയുള്ള നിരവധി വിഷയങ്ങളിൽ കേന്ദ്ര സർക്കാരുമായി തർക്കത്തിലാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും മമത സംസ്ഥാനമൊട്ടാകെ പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചിരുന്നു.
Discussion about this post