ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയില്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് പല സംസ്ഥാന സര്‍ക്കാരുകളും വോട്ട്ബാങ്ക് രാഷ്ട്രീയം കാരണം പരസ്യമായി പ്രസ്താവിക്കുന്നുണ്ടെന്നും പാര്‍ലമെന്റ് പാസാക്കിയ നിയമം സംസ്ഥാനങ്ങള്‍ അനുസരിക്കണമെന്നാണ് ഭരണഘടനയുടെ 256-ാം അനുച്ഛേദം പറയുന്നതെന്നും രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാണിച്ചു.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നിയമം നടപ്പാക്കില്ലെന്ന നിലപാട് ശക്തമാക്കുന്നതിനിടെയാണ് പ്രതികരണവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയത്. പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതില്‍നിന്ന് ഒരു സംസ്ഥാനത്തിനും രക്ഷപ്പെടാന്‍ സാധിക്കില്ല. താന്‍ അവരെ ഒരു കാര്യം ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുകയാണെന്നും ദയവായി ശരിയായ നിയമോപദേശം സ്വീകരിക്കൂവെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
വിദേശികള്‍ക്ക് പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമം പാസാക്കാന്‍ പാര്‍ലമെന്റിന് പൂര്‍ണ അധികാരമുണ്ടെന്ന് 256-ാം അനുച്ഛേദവും മറ്റ് വ്യവസ്ഥകളും വ്യക്തമാക്കുന്നുണ്ട്. പാര്‍ലമെന്റ് പാസാക്കിയ നിയമം സംസ്ഥാനങ്ങള്‍ അനുസരിക്കണമെന്നും ഭരണഘടനയില്‍ പറയുന്നു. രണ്ട് സഭകളും പൗരത്വ നിയമ ഭേദഗതി ചര്‍ച്ച ചെയ്യുകയും പാസാക്കുകയും ചെയ്തതാണ്. സംസ്ഥാനങ്ങള്‍ക്ക് ഒരു രക്ഷയുമില്ല, നിയമം നടപ്പാക്കിയേ മതിയാകൂവെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post