ജയ്പുർ: രാജസ്ഥാനിലെ കോട്ടയിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഒമ്പത് കുഞ്ഞുങ്ങൾ കൂടി മരണത്തിന് കീഴടങ്ങിയതോടെ മരിച്ച ശിശുക്കളുടെ എണ്ണം 100 കടന്നു. കോട്ടയിലെ ജെകെ ലോൺ ആശുപത്രിയിലാണ് ഡിസംബറിൽ മാത്രം 100 ശിശുമരണങ്ങൾ നടന്നത്. രാജസ്ഥാൻ സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രിയാണിത്.
ഡിസംബർ 23-24 ദിവസങ്ങളിൽ 24 മണിക്കൂറിനിടെ 10 കുഞ്ഞുങ്ങളാണ് മരിച്ചത്. കൂട്ട ശിശുമരണങ്ങൾക്കെതിരെ സംസ്ഥാനത്ത് വ്യാപകമായി പ്രതിഷേധം തുടരുകയാണ്. ദേശീയ ശിശു സംരക്ഷണ കമ്മീഷനടക്കം കഴിഞ്ഞ ദിവസം ആശുപത്രിയിൽ സന്ദർശനം നടത്തിയിരുന്നു.
ഡിസംബർ 30-ന് നാല് കുട്ടികളും 31-ന് അഞ്ച് കുട്ടികളുമാണ് മരിച്ചത്. പ്രസവ സമയത്തെ ഭാരക്കുറവാണ് ശിശുക്കളുടെ മരണത്തിനിടയാക്കുന്ന പ്രധാന കാരണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.സുരേഷ് ദുലാര പറഞ്ഞു. 2014-ൽ 11,98 കുട്ടികൾ മരിച്ചിട്ടുണ്ടെന്നും ഇത് താരതമ്യം ചെയ്യുമ്പോൾ 2019-ൽ ശിശുമരണ നിരക്ക് കുറഞ്ഞിട്ടുണ്ടെന്നുമാണ് ആശുപത്രി അധികൃതരുടെ ന്യായീകരണം.
Discussion about this post