ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളുടെ മറവില്‍ രാജ്യത്ത് നടക്കുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ടെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
സിമിയുമായിട്ടുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ ബന്ധത്തെക്കുറിച്ചടക്കം കൃത്യമായ തെളിവുകളുണ്ട്. രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങള്‍ക്ക് പിന്നിലും അവര്‍ക്ക് പങ്കുണ്ട്. ഇവരുടെ പങ്കിനെക്കുറിച്ച് വ്യക്തമായ തെളിവുണ്ട്. നിരവധി ആരോപണങ്ങളാണ് അവര്‍ക്കെതിരെ ഉയരുന്നത്. അതിനാല്‍ പോപ്പുലര്‍ ഫ്രണ്ടിന് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം എന്ന് വ്യക്തമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. ഉത്തര്‍പ്രദേശില്‍ നടക്കുന്ന ആക്രമണ സംഭവങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ട് അതിനാല്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം എന്നായിരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ആവശ്യം. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.
അതെസമയം ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ കത്ത് കേന്ദ്രം നിയമ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എന്‍ഐഎ തുടങ്ങിയ കേന്ദ്ര ഏജന്‍സികളോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.