ന്യൂഡല്‍ഹി: പൗരത്വ നിയമത്തിന് എതിരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിഷേധം ഉയരുന്നതിനിടെ, പൗരത്വ ഭേദഗതി നിയമം അനുസരിച്ച് പൗരത്വം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളില്‍ നിന്ന് സംസ്ഥാനങ്ങളുടെ പങ്കാളിത്തം ഒഴിവാക്കുന്നതിന് വേണ്ടിയാണ് നടപടിക്രമങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ എന്‍ഡിഎ ഇതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വലിയ എതിര്‍പ്പാണ് പ്രകടിപ്പിച്ചിട്ടുള്ളത്. നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസ്സാക്കുകയും ചെയ്തിരുന്നു. നിയമം നടപ്പാക്കില്ലെന്ന് കേരളം, പശ്ചിമബംഗാള്‍, പഞ്ചാബ്, ജാര്‍ഖണ്ഡ് അടക്കമുള്ള സംസ്ഥാനങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടിക്രമങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നത്.
നിലവില്‍ ജില്ലാ കളക്ടര്‍ മുഖേനയാണ് പൗരത്വത്തിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്. നടപടിക്രമങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കുന്നതിലൂടെ ഒരു ഘട്ടത്തിലും സംസ്ഥാനസര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യമില്ലാത്ത സ്ഥിതിയുണ്ടാക്കുക എന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതും രേഖകള്‍ പരിശോധിക്കുന്നതും പൗരത്വം നല്‍കുന്നതും അടക്കമുള്ള എല്ലാ നടപടികള്‍ക്കുമായി പ്രത്യേക അധികാരിയെ നിയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
Discussion about this post