ചെന്നൈ: പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി നടക്കുന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും ഭീഷണിപ്പെടുത്തിയ തമിഴ്നാട്ടിലെ മുതിർന്ന കോൺഗ്രസ് നേതാവായ നെല്ലായ് കണ്ണനെതിരേ പോലീസ് കേസെടുത്തു. ഞായറാഴ്ച തിരുനെൽവേലിയിൽ നടന്ന എസ്ഡിപിഐ യോഗത്തിൽ പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും ഇല്ലാതാക്കാൻ നെല്ലായ് കണ്ണൻ ആവശ്യപ്പെട്ടെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
‘അമിത്ഷാ എന്നൊരു മനുഷ്യനുണ്ട്. പ്രധാനമന്ത്രിയുടെ തലച്ചോറാണയാൾ. അമിത് ഷാ തീർന്നാൽ പിന്നെ നരേന്ദ്ര മോഡിയില്ല. ഇവരെ അവസാനിപ്പിക്കുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ നിങ്ങളാരും അത് ചെയ്യുന്നില്ല’ എന്നൊക്കെയുള്ള നെല്ലായ് കണ്ണന്റെ പരാമർശമാണ് വലിയ വിവാദങ്ങൾക്ക് കാരണമായത്.
വിവാദ പരാമർശം പുറത്തുവന്നതിന് പിന്നാലെ നെല്ലായ് കണ്ണനെതിരെ ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ തമിഴ്നാട് പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 504, 505 വകുപ്പുകൾ പ്രകാരമാണ് നെല്ലായ് കണ്ണനെതിരെ പോലീസ് കേസെടുത്തത്.
അതേസമയം കേസെടുത്തെങ്കിലും നെല്ലായ് കണ്ണനെ അറസ്റ്റ് ചെയ്യാൻ വൈകുന്നെന്ന് ആരോപിച്ച് തമിഴ്നാട് ബിജെപി നേതൃത്വം രംഗത്തെത്തി. പോലീസ് നടപടി ഇനിയും വൈകിയാൽ മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ, സിപി രാധാകൃഷ്ണൻ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ധർണ നടത്തുമെന്ന് എച്ച് രാജ വ്യക്തമാക്കി.
Discussion about this post