ചന്ദ്രയാന്‍ മൂന്നിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം; പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങി

2020-ല്‍ തന്നെ, ചന്ദ്രയാന്‍ 3 വിക്ഷേപിക്കപ്പെടുമെന്ന് നേരത്തേ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പ്രഖ്യാപിച്ചിരുന്നു

ബംഗളുരു: ചന്ദ്രയാന്‍ 3 പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി ഐഎസ്ആര്‍ഒ മേധാവി കെ ശിവന്‍ അറിയിച്ചു. പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.2020-ല്‍ തന്നെ, ചന്ദ്രയാന്‍ 3 വിക്ഷേപിക്കപ്പെടുമെന്ന് നേരത്തേ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പ്രഖ്യാപിച്ചിരുന്നു.

ചന്ദ്രോപരിതലം തൊടാന്‍ ലക്ഷ്യമിട്ട് ഇന്ത്യ വിക്ഷേപിച്ച ആദ്യ പദ്ധതിയായിരുന്നു ചന്ദ്രയാന്‍ 2. എന്നാല്‍ ചന്ദ്രയാന്‍ 2ന് പ്രതീക്ഷിച്ച ലക്ഷ്യത്തില്‍ എത്താനായില്ല. പക്ഷേ പദ്ധതി പൂര്‍ണപരാജയമാണെന്ന് പറയാനാകില്ലെന്നും അടുത്ത ഏഴ് വര്‍ഷം ചന്ദ്രോപരിതലത്തിന് ചുറ്റും കറങ്ങി ചിത്രങ്ങളെടുക്കാന്‍ ചന്ദ്രയാന്‍ 2ന്റെ ഓര്‍ബിറ്ററിന് സാധിക്കുമെന്നും കെ ശിവന്‍ പറഞ്ഞു.

ജനുവരി മൂന്നാം വാരം നാല് പേരെ ഗഗന്‍യാന്‍ പദ്ധതിയുടെ പരിശീലനത്തിനായി റഷ്യയിലേക്ക് വിടുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയുടെ വ്യോമസേനയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് ഈ നാല് പേര്‍. ചുരുങ്ങിയത് ഏഴ് ദിവസം ആളുകളെ ബഹിരാകാശത്ത് താമസിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.2022 ഓടെയാകും ഗഗന്‍യാന്‍ ദൗത്യം നടത്തുക.

Exit mobile version