ലഖ്നൗ: പോലീസ് ചുമത്തിയ പിഴ സ്വയം അടക്കുമെന്ന് പ്രിയങ്ക ഗാന്ധിയെ സ്കൂട്ടറില്‍ കൊണ്ടുപോയ കോണ്‍ഗ്രസ് പ്രവര്ത്തകന് രാജ്ദീപ് സിങ്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ധീരജ് ഗുര്‍ജാറാണ് രാജ്ദീപ് സിങിന്റെ സ്കൂട്ടറില്‍ പ്രിയങ്ക ഗാന്ധിയെ എസ്ആര്‍ ധാരാപുരിയുടെ വസതിയിലേക്ക് കൊണ്ടുപോയത്. ഗതാഗത നിയമം ലംഘിച്ചതിനെ തുടര്‍ന്ന് 6100 രൂപയാണ് പോലീസ് രാജ്ദീപ് സിങിനെതിരെ പിഴ ചുമത്തിയത്.
വാഹനം ഓടിച്ചയാളും പ്രിയങ്കയും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. ഡ്രൈവിങ് ലൈസന്‍സിന് 2500 രൂപ, ഹെല്‍മെറ്റ് ധരിക്കാത്തതിന് 500 രൂപ, ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തതിന് 300 രൂപ, തെറ്റായ നമ്പര്‍ പ്ലേറ്റിന് 300 രൂപ, അമിത വേഗത്തിന് 2,500 രൂപ എന്നിവയ്ക്കാണ് യുപി പോലീസ് സ്കൂട്ടര്‍ ഉടമയായ രാജ്ദീപ് സിങിന് പിഴ ചുമത്തിയത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ അറസ്റ്റിലായ മുന്‍ ഐപിഎസ് ഓഫീസറിന്റെ വീട് സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ പോലീസ് തടഞ്ഞിരുന്നു. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്തേക്ക് പോകാന്‍ അനുവദിക്കില്ലെന്ന് പോലീസ് പറഞ്ഞു. ഇതോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനൊപ്പം പ്രിയങ്ക സ്കൂട്ടറില്‍ യാത്ര ചെയ്തത്.
Discussion about this post