കൊച്ചി: മലയാള സിനിമയിൽ നിന്നും പിന്നണിക്കഥകളായി പുറത്തെത്തുന്ന പല അഭ്യൂഹങ്ങളും ആരോപണങ്ങളും ശരിവെച്ച് ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട്. മലയാളസിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നും സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കാറുണ്ടെന്നും ജസ്റ്റിസ് ഹേമ കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നു. സിനിമയിൽ അവസരങ്ങൾക്കായി കിടപ്പറ പങ്കിടാൻ വരെ പുരുഷൻമാർ നിർബന്ധിക്കുന്നു. വഴങ്ങാത്തവരെ മാറ്റി നിർത്താനും ലോബി പ്രവർത്തിക്കുന്നുണ്ട്. സെറ്റുകളിലെ ലഹരി ഉപയോഗം അടക്കം സ്ത്രീകൾക്ക് പലവിധ ബുദ്ധിമുട്ടുകൾ സൃഷിക്കുന്നുണ്ട്. സിനിമയിൽ അപ്രഖ്യാപിത വിലക്കുണ്ടെന്നും സിനിമയിലെ ലോബിയാണ് എല്ലാ തീരുമാനവും എടുക്കുന്നതെന്നും കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. അനീതികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാൻ ട്രൈബ്യൂണൽ രൂപീകരിക്കണമെന്നും കമ്മീഷൻ ശുപാർശ ചെയ്യുന്നു.
കൊച്ചിയിൽ നടി ആക്രമിക്കപ്പെടുകയും തുടർന്നുണ്ടായ പ്രതിഷേധങ്ങളും ഡബ്ല്യുസിസിയുടെ പരാതിയും എല്ലാം പരിഗണിച്ചാണ് സർക്കാർ സിനിമ മേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കാൻ കമ്മീഷനെ ചുമതലപ്പെടുത്തിയത്. ഹൈക്കോടതിയിൽ നിന്നും വിരമിച്ച ജഡ്ജി ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മീഷനിൽ റിട്ടേയേഡ് ഐഎഎസ് ഉദ്യോഗസ്ഥ വത്സലകുമാരി, പ്രമുഖ നടി ശാരദ എന്നിവരും അംഗങ്ങളായിരുന്നു. സിനിമരംഗത്തെ നൂറുകണക്കിന് പേരെ വിളിച്ചുവരുത്തി മൊഴിയെടുത്തായിരുന്നു കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്.
300 പേജുള്ള റിപ്പോർട്ടും ആയിരത്തോളം അനുബന്ധരേഖകളും നിരവധി ഓഡിയോ വീഡിയോ പകർപ്പുകളും അടങ്ങിയ റിപ്പോർട്ടാണ് കമ്മീഷൻ മുഖ്യമന്ത്രിക്ക് നൽകിയത്. റിപ്പോർട്ടിലെ പ്രധാന ഉള്ളടക്കം ഇനി പറയുന്നവയാണ്.
1. സിനിമയിൽ അവസരങ്ങൾക്കായി കിടപ്പറയടക്കം പങ്കിടാനുള്ള ആവശ്യം ചില പുരുഷൻമാർ മുന്നോട്ട് വെയ്ക്കുന്നു. എല്ലാവരും അത്തരത്തിൽ ഉള്ളവരല്ലെന്നും നല്ല സ്വഭാവമുള്ള പല പുരുഷൻമാരും സിനിമയിൽ ഉണ്ടെന്നും പല നടിമാരും കമ്മീഷന് മൊഴി നൽകി.
2. സിനിമയിൽ ശക്തമായ ലോബി പ്രവർത്തിക്കുന്നു. ആര് അഭിനയിക്കണം ആര് അഭിനയിക്കരുത് എന്നെല്ലാം തീരുമാനിക്കുന്നത് ഇവരാണ്.
3. സിനിമയിൽ അപ്രഖ്യാപിത വിലക്കുണ്ട്. പല നടിമാരും പല നടന്മാരും ഈ ലോബിയുടെ അപ്രഖ്യാപിത വിലക്ക് നേരിടേണ്ടി വരുന്നുണ്ട്. പ്രമുഖരായ നടിമാർക്കും നടൻമാർക്കും ഇപ്പോഴും വിലക്കുണ്ടെന്നത് പകൽ പോലെ വ്യക്തമാണ്.
4. സെറ്റുകളിൽ ലഹരി ഉപയോഗവും ഉണ്ട്. ഇത് സ്ത്രീകൾക്കടക്കം പലവിധ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്.
5. ആവശ്യത്തിന് ടോയിലെറ്റ് സൗകര്യങ്ങളോ, വസ്ത്രം മാറുന്നതിനുള്ള സൗകര്യങ്ങളോ വനിതാ താരങ്ങൾക്ക് പല സെറ്റുകളിലും ഒരുക്കാറില്ല. ഇത്തരത്തിൽ നിരവധി വിവേചനങ്ങൾ നേരിടേണ്ടി വരാറുണ്ട്.
ഇതിനെതിരെയായി ശക്തമായ നിയമനടപടിയാണ് കമ്മീഷൻ മുന്നോട്ട് വെയ്ക്കുന്ന നിർദേശം. ശക്തമായ നിയമം കൊണ്ടു വരണം. ട്രൈബ്യൂണൽ രൂപികരിക്കണം. കുറ്റവാളികളെ നിശ്ചിതകാലത്തേക്ക് സിനിമ മേഖലയിൽ നിന്ന് മാറ്റി നിർത്തണം. ഇതിനുള്ള അധികാരവും ട്രൈബ്യൂണലിന് നൽകണമെന്നും കമ്മീഷൻ നിർദേശിക്കുന്നു. കമ്മീഷൻ അംഗങ്ങളായ വത്സലകുമാരിയും ശാരദയും പ്രത്യേകം റിപ്പോർട്ടും കമ്മീഷന് കൈമാറിയിട്ടുണ്ട്.