ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ സര്‍ക്കാര്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തുന്നതു തടയാനുള്ള ശ്രമമാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. അക്രമരൂപത്തിലുള്ള പ്രതിഷേധം വരുമ്പോള്‍ അതിനുപിന്നില്‍ ഒരു അജന്‍ഡ ഉണ്ടോയെന്നു സര്‍ക്കാര്‍ സംശയിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പ്രശസ്ത മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജനസംഖ്യാ രജിസ്റ്ററിനെക്കുറിച്ച് യാതൊരു ഭീതിയും വേണ്ടെന്നും ഇന്ത്യയിലെ പൗരന്‍മാര്‍ക്ക് വോട്ടുചെയ്യാന്‍ ഒരു വോട്ടര്‍ ഐഡി വേണം. വോട്ടേഴ്‌സ് ഐഡി എടുക്കുമ്പോഴും പാസ്‌പോര്‍ട്ട് എടുക്കുമ്പോഴും ആധാര്‍കാര്‍ഡ് എടുക്കുമ്പോഴും നല്‍കുന്ന വിവരങ്ങള്‍ക്കപ്പുറം ഒരു വിവരങ്ങളും ജനസംഖ്യാ രജിസ്റ്ററിനുവേണ്ടി ചോദിച്ചിട്ടില്ലെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.
അതേക്കുറിച്ച് ഉയരുന്ന സംശയങ്ങള്‍ക്ക് പിന്നില്‍ രാജ്യത്തെ മുസ്ലിങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ശക്തികളാണ്. ഉത്തര്‍പ്രദേശില്‍പ്പോലും കേരളത്തില്‍നിന്നുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരം ‘തുക്കടേ തുക്കടേ ഗ്യാംഗു’കളെ ഒരുരീതിയിലും സര്‍ക്കാര്‍ അംഗീകരിക്കില്ല. ആറു രാജ്യങ്ങളില്‍നിന്ന് പീഡിപ്പിക്കപ്പെട്ട് പുറത്താക്കപ്പെട്ട ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ളതാണ് പൗരത്വ ഭേദഗതി നിയമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൗരത്വനിയമ ഭേദഗതി ഒരു രീതിയിലും ഇന്ത്യയിലെ ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍പ്പെടുന്ന ഒരു പൗരനെയും ബാധിക്കുന്നതല്ല. ഇക്കാര്യം പ്രധാനമന്ത്രി ഉള്‍പ്പെടെ കൃത്യമായി വ്യക്തമാക്കിയിട്ടുള്ളതുമാണ്. ന്യൂനപക്ഷ വോട്ടുബാങ്കിനെ ഒരു പുതിയ ദിശയിലേക്കു മാറ്റാന്‍ പ്രധാന പാര്‍ട്ടികള്‍ നടത്തിയ തന്ത്രമായാണ് പൗരത്വ നിയമത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post