ന്യൂഡല്‍ഹി: വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാനുള്ള നിര്‍ദേശം കേന്ദ്ര നിയമമന്ത്രാലയത്തിന്റെ പരിഗണനയില്‍. ഇരട്ടവോട്ടുകള്‍ ഒഴിവാക്കി വോട്ടര്‍പട്ടിക പുതുക്കുന്നതിന്റെ ഭാഗമായും വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടും കൊണ്ടാണ് വോട്ടര്‍കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നത്.
വോട്ടര്‍ ഐഡി കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കാനുള്ള നിര്‍ദേശം തെരഞ്ഞെടുപ്പുകമ്മിഷന്‍ നേരത്തെയും മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍, ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന 2015-ലെ സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് തുടര്‍നടപടിയുണ്ടായില്ല. ഇതേതുടര്‍ന്ന് ജനപ്രാതിനിധ്യനിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് ഓഗസ്റ്റില്‍ തെരഞ്ഞെടുപ്പുകമ്മിഷന്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുകയായിരുന്നു.
പുതുതായി വോട്ടര്‍ കാര്‍ഡിന് അപേക്ഷിക്കുന്നവരോടും നിലവില്‍ പട്ടികയിലുള്ളവരോടും ആധാര്‍ നമ്പര്‍ ആവശ്യപ്പെടുന്നതിന് ജനപ്രാതിനിധ്യനിയമം ഭേദഗതിചെയ്യണമെന്നാണ് കമ്മിഷന്‍ നിയമമന്ത്രാലയത്തോട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തിലുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഒരു മാധ്യമത്തോടായി പറഞ്ഞു. സുപ്രീംകോടതി വിധി നിലവിലുള്ളതിനാല്‍ നിയമനിര്‍മാണത്തിലൂടെയല്ലാതെ ആധാര്‍നമ്പര്‍ വ്യക്തികളില്‍നിന്ന് നിര്‍ബന്ധപൂര്‍വം ആവശ്യപ്പെടാനാവില്ല.