പാട്‌ന: എന്‍ഡിഎയുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ചാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ നല്‍കാമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് വാഗ്ദാനവുമായി എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഉവൈസി. കിഷന്‍ഗഞ്ചില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുന്നതിനിടെയാണ് എന്‍ഡിഎയില്‍ നിന്ന് പുറത്തുവരാന്‍ അദ്ദേഹം നിതീഷ് കുമാറിനോട് ആവശ്യപ്പെട്ടത്.
ബീഹാറിലെ ജനങ്ങള്‍ പൗരത്വ ഭേദഗതി നിയമമെന്ന ‘കരിനിയമത്തിന്’ അനുകൂലമല്ലെന്ന് കേന്ദ്രത്തോട് പറയാന്‍ നിതീഷ് കുമാറിന് ധൈര്യമുണ്ടാകണം.”നരേന്ദ്ര മോഡിയും നിതീഷ് കുമാറും ഒരുപോലെയല്ല. നിതീഷ് കുമാര്‍ ബിജെപിയുമായുള്ള ബന്ധം ഒഴിവാക്കണം. ഞങ്ങള്‍ എല്ലാവരും നിങ്ങള്‍ക്ക് പിന്തുണ നല്‍കും. നിങ്ങള്‍ക്ക് ബീഹാറില്‍ നല്ലൊരു പ്രതിച്ഛായയുണ്ട്. രാജ്യത്തിനു വേണ്ടിയെങ്കിലും ബിജെപിയെ ഉപേക്ഷിക്കു’ എന്നാണ് ഉവൈസി പറഞ്ഞത്.
ബിഹാറില്‍ സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി എന്നിവ നടപ്പാക്കില്ലെന്ന് നിതീഷ് കുമാര്‍ പ്രഖ്യാപിക്കണം, കേന്ദ്ര സര്‍ക്കാരിനോട് ഇക്കാര്യം വ്യക്തമാക്കണം. പക്ഷേ, അദ്ദേഹത്തിന് അങ്ങനെ ചെയ്യാന്‍ കഴിയില്ലെന്ന് തനിക്കറിയാം. പാര്‍ലമെന്റില്‍ ബില്‍ പാസാക്കുമ്പോള്‍ അദ്ദേഹം മൗനം പാലിച്ചു. ഭരണഘടന അവഹേളിക്കപ്പെടുമ്പോള്‍, നിതീഷ് കുമാര്‍ നിശബ്ദനായി നോക്കിനില്‍ക്കുകയായിരുന്നു.ഇന്ത്യന്‍ ഭരണഘടന വച്ച് കളിച്ചതിന് രാജ്യം നിങ്ങളോട് ഒരിക്കലും ക്ഷമിക്കില്ലെന്നും ഉവൈസി വ്യക്തമാക്കി.