ലഖ്നൗ: പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി യുപിയിൽ അരങ്ങേറിയ പ്രതിഷേധങ്ങളിൽ പോപ്പുലർ ഫ്രണ്ടിനെ പ്രതിയാക്കി യുപി പോലീസ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളിൽ അക്രമം അഴിച്ചുവിട്ടത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്ന് ഡിജിപി ഒപി സിങ് അറിയിച്ചു. പിന്നാലെ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഉത്തർപ്രദേശ് ഡിജിപി കത്തയച്ചു.
ഉത്തർപ്രദേശിലെ അക്രമങ്ങളിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെന്ന് യുപി പോലീസ് നേരത്തെ മുതൽ പറഞ്ഞിരുന്നു. ഈ സംഭവങ്ങളിൽ യുപിയിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഡിജിപി കേന്ദ്രത്തിന് കത്തയച്ചിരിക്കുന്നത്. ഉത്തർപ്രദേശിൽ പൗരത്വ നിയമ ഭേദഗതിക്കെതിരേ നടന്ന പ്രതിഷേധങ്ങൾക്കിടെയുണ്ടായ അക്രമസംഭവങ്ങളിൽ കേരളത്തിൽനിന്നുള്ളവർക്കും പങ്കുണ്ടെന്ന് യുപി പോലീസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
കാൺപൂരിൽ നടന്ന അക്രമസംഭവങ്ങളിലും കലാപങ്ങളിലും കേരളത്തിൽ നിന്നുള്ളവർ ഉണ്ടെന്നാണ് യുപി പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ഇവരെ കണ്ടെത്താൻ കേരളത്തിലടക്കം പോസ്റ്റർ പതിക്കുമെന്നും യുപി പോലീസ് അറിയിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ തുടർന്ന് യുപിയിലുണ്ടായ സംഘർഷത്തിൽ ഇരുപതിലധികം പേർ കൊല്ലപ്പെട്ടിരുന്നു.
Discussion about this post