ഗുവാഹത്തി: ജനുവരി ഒന്നുമുതല്‍ നവവധുമാര്‍ക്ക് വിവാഹ സമ്മാനമായി പത്തുഗ്രാം സ്വര്‍ണ്ണം നല്‍കാനൊരുങ്ങി അസം സര്‍ക്കാര്‍. സ്ത്രീശാക്തീകരണം, ബാലവിവാഹം തടയല്‍ എന്നീ ലക്ഷ്യങ്ങളോടെ സര്‍ക്കാര്‍ പുതിയ പദ്ധതി നടപ്പാക്കുന്നത്. അരുന്ധതി സ്വര്‍ണ്ണ പദ്ധതി പ്രകാരമാണ് വധുവിന് സ്വര്‍ണ്ണം സമ്മാനമായി നല്‍കുന്നത്.
പത്തുഗ്രാം സ്വര്‍ണ്ണത്തിന്റെ വിലയായ 30,000 രൂപ വധുവിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കും. എന്നാല്‍ ഈ തുക മറ്റുആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ല. പ്രതിവര്‍ഷം 800 കോടി രൂപ സര്‍ക്കാരിന് ഇതിനായി ചെലവുവരുമെന്നാണ് കണക്കുകൂട്ടല്‍.
വധുവിനും വരനും യഥാക്രമം 18, 21 വയസ്സ് തികഞ്ഞിരിക്കണം. പെണ്‍കുട്ടിയുടെ ആദ്യവിവാഹത്തിന് മാത്രമാണ് വിവാഹസമ്മാനം ലഭിക്കുക, വിവാഹം 1954 ലെ പ്രത്യേക വിവാഹനിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കണം, വധുവിന്റെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം അഞ്ചുലക്ഷത്തില്‍ കവിയരുത്, വധു പത്താംക്ലാസ് വരെയെങ്കിലും പഠിച്ചിരിക്കണം (തോട്ടംതൊഴിലാളികളുടെയും ഗ്രോത്രവര്‍ഗക്കാരുടെ മക്കള്‍ക്ക് ഇത് ബാധകമല്ല) തുടങ്ങിയ നിബന്ധനകള്‍ പാലിക്കുന്നവര്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് അസം ധനകാര്യ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചു.