ന്യൂഡൽഹി: രാജ്യത്തിന് പുതിയ പാർലമെന്റ് കെട്ടിടം വരുന്നു. ത്രികോണ ആകൃതിയിൽ പാർലമെന്റ് മന്ദിരം നിർമ്മിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. സെൻട്രൽ വിസ്റ്റയിൽ പുതിയ പാർലമെന്റ് കെട്ടിടത്തിന് എതിർവശത്തായി പ്രധാനമന്ത്രിക്ക് പുതിയ വസതിയും പണിയും. ശാസ്ത്രി ഭവൻ, നിർമ്മാൺ ഭവൻ, റെയിൽ ഭവൻ, വായു ഭവൻ തുടങ്ങിയ സർക്കാർ കെട്ടിടങ്ങൾ പൊളിച്ച് മാറ്റിയാകും പ്രധാനമന്ത്രിക്ക് പുതിയ വസതിയൊരുക്കുക. അതേ സമയം പൈതൃക സ്വഭാവമുള്ള കെട്ടിങ്ങൾ അതേ പടി നിലനിർത്തുകയും ചെയ്യും. ത്രികോണ ആകൃതിയിലുള്ള പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ നിർമാണം 2022 ഓടെ പൂർത്തിയാക്കും. നിലവിലെ പാർലമെന്റ് സമുച്ചയത്തിന് സമീപത്ത് തന്നെയാണ് പുതിയ പാർലമെന്റ് കെട്ടിടം പണിയുന്നത്.
പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം രാജ്യം സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിലായിരിക്കും. ഡൽഹിയിലെ മറ്റു നവീകരണ പ്രക്രിയകൾ 2024 ഓടെ പൂർത്തിയാക്കും. 900-മുതൽ 1000 പേർക്കിരിക്കാവുന്ന ലോക്സഭയാകും പുതിയ കെട്ടിടത്തിലുണ്ടാകുക. പാർലമെന്റിന്റെ സംയുക്ത സമ്മേളനം ഇവിടെയാകും നടക്കുക. നിലവിലെ പാർലമെന്റിന്റെ സെൻട്രൽ ഹാളിന് പകരം രാജ്യസഭയും ഒരു പൊതു ഹാളും വരും. എന്നാൽ ഇത് നിലവിലുള്ള നിർദേശങ്ങൾ മാത്രമാണെന്നും തീരുമാനങ്ങൾ അന്തിമമായിട്ടില്ലെന്നും മുതിർന്ന ഉദ്യേഗസ്ഥർ പറയുന്നു.
നവീകരണ പദ്ധതിയുടെ ഭാഗമായി ഒരു സെക്രട്ടേറിയറ്റാകും ഉണ്ടാകുക. നിലവിലെ നോർത്ത്, സൗത്ത് ബ്ലോക്കുകൾ മ്യൂസിയമാക്കി മാറ്റി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. രാഷ്ട്രപതി ഭവന് അടുത്തുള്ള രണ്ട് ബ്ലോക്കുകൾക്ക് പിന്നിൽ ഒരു ജൈവവൈവിധ്യ പാർക്കുമായി മ്യൂസിയം പദ്ധതി സംയോജിപ്പിക്കും.
Discussion about this post