ഗുവാഹത്തി: ആസാമിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ ജനരോഷം രൂക്ഷമായതിനിടെ ഇവിടെ സന്ദർശനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എതിരെ വൻപ്രതിഷേധത്തിന് സാധ്യത. പ്രധാനമന്ത്രിയുടെ സന്ദർശനം തടയാൻ ഓൾ ആസാം സ്റ്റുഡന്റസ് യൂണിയൻ തയ്യാറെടുക്കുകയാണ്. ജനുവരി 10-ന് ഗുവാഹത്തിയിൽ നടക്കുന്ന ഖേലോ ഇന്ത്യയുടെ ഉദ്ഘാടന ചടങ്ങിന് നരേന്ദ്രമോഡി എത്താനിരിക്കെയാണ് വൻ ജനകീയ പ്രക്ഷോഭത്തിന് ഓൾ ആസാം സ്റ്റുഡന്റ്സ് യൂണിയൻ [ആസു] ഒരുങ്ങുന്നത്. മുമ്പ് ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് നടന്ന വൻ പ്രക്ഷോഭ സമയത്തും പ്രധാനമന്ത്രിയുടെ സന്ദർശനം ആസൂ തടഞ്ഞിരുന്നു. അന്ന് ‘ഇന്ത്യൻ പട്ടി പുറത്തു പോവുക’ എന്ന മുദ്രാവാക്യമായാണ് ഇന്ദിരയുടെ സന്ദർശനത്തെ ജനങ്ങൾ എതിർത്തത്.
അതേസമയം, പൗരത്വ നിയമ ഭേദഗതി പാസാക്കിയ ശേഷം ആദ്യമായാണ് പ്രധാനമന്ത്രി ആസാമിലേക്ക് എത്തുന്നത്. മോഡി, ഗുവാഹത്തിയിൽ എത്തുന്നു എന്ന കാര്യത്തിൽ ഉറപ്പു ലഭിച്ചതിനു ശേഷം സമര പരിപാടികളെ പറ്റി വിശദമാക്കാമെന്നും പൗരത്വ നിയമത്തിനു ശേഷം ആദ്യമായി ആസാമിലെത്തുന്ന മോഡിക്ക് വൻ ജനരോഷമായിരിക്കും അഭിമുഖീകരിക്കേണ്ടി വരിക എന്നും ആസു പ്രസിഡന്റ് ദിപങ്കർ കുമാർനാഥ് വ്യക്തമാക്കി.
ജനങ്ങളുടെ പരാതികൾക്ക് സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ചെവി കൊടുക്കാത്തത് ഖേദകരമാണ്. ഞങ്ങൾ വിദേശികളെ മതത്തിന്റെ പേരിൽ വേർതിരിച്ചു കാണുന്നില്ല. 1971 മാർച്ച് 24- ന് ശേഷം അസമിലെത്തിയ എല്ലാവരെയും പുറത്താക്കണം. ആസാമിലുള്ളതിലത്രയും വിദേശികളെ മറ്റൊരു സംസ്ഥാനവും വഹിക്കുന്നില്ലെന്ന കാര്യം മോഡി മനസ്സിലാക്കണമെന്നും ആസു പാർട്ടി ഉഫപദേഷ്ടാവ് സമുജ്ജൽ കുമാർ ഭട്ടാചാര്യ പറഞ്ഞു.
Discussion about this post