ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. അതേസമയം പ്രക്ഷോഭത്തില്‍ റെയില്‍വേയ്ക്ക് ഉണ്ടായത് 80 കോടിയുടെ നഷ്ടമാണ്. ഈ തുക സമരക്കാരില്‍ നിന്ന് തന്നെ ഈടാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് റെയില്‍വേ. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷേഭത്തില്‍ രാജ്യത്തെ വിവിധ ഇടങ്ങളില്‍ ട്രെയിന്‍ കോച്ച് തീവെച്ച് നശിപ്പിച്ചത് ഉള്‍പ്പെടെയുള്ള സംഭവം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് റെയില്‍വേ ഇത്തരത്തിലുള്ള ഒരു കടുത്ത നടപടി സ്വീകരിക്കുന്നത് എന്നാണ് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കുമാര്‍ യാദവ് പറഞ്ഞത്. റെയില്‍വേക്ക് നേരെ ആക്രമണം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കണമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ നേരത്തേ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
പ്രക്ഷോഭത്തില്‍ ഈസ്റ്റേണ്‍ റെയില്‍വേയില്‍ മാത്രം എഴുപത് കോടിയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നോര്‍ത്ത് ഈസ്റ്റ് റെയില്‍വേക്ക് പത്ത് കോടിയുടെയും നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നാശനഷ്ടത്തിന്റെ പ്രാഥമിക കണക്കെടുപ്പ് മാത്രമാണ് നടന്നതെന്നും തുക അന്തിമമായി കണക്കാക്കിയിട്ടില്ലെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തില്‍ ബംഗാളിലാണ് കൂടുതല്‍ ആക്രമണമുണ്ടായത്. സാന്‍ക്രൈല്‍ റെയില്‍വേ സ്റ്റേഷന്‍ പ്രക്ഷോഭകാരികള്‍ തീവെച്ച് നശിപ്പിച്ചിരുന്നു. കൃഷ്ണാപുര്‍, ലാല്‍ഗോല, സുജ്‌നിപാര, ഹരിശ്ചന്ദ്രപുര റെയില്‍വേ സ്റ്റേഷനുകളിലും ആക്രമണമുണ്ടായി. അസമിലും ട്രെയിനുകള്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. നാശനഷ്ടം വരുത്തിയവര്‍ക്കെതിരെ ഇന്ത്യന്‍ റെയില്‍വേ ആക്ട് 151 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഈ വകുപ്പ് പ്രകാരം കുറ്റക്കാര്‍ക്ക് ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.
Discussion about this post