ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യ അടുത്ത ജൂണ്‍ മാസത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ആറുമാസത്തിനകം കമ്പനിയെ ഏറ്റെടുക്കാന്‍ ആളില്ലെങ്കില്‍ കമ്പനി പൂട്ടുമെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റൊഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അടുത്ത മാസം വില്പന നടപടികള്‍ ആരംഭിക്കും.
എയര്‍ ഇന്ത്യക്ക് നിലവില്‍ ഏകദേശം 60,000 കോടി രൂപയുടെ കടബാധ്യതയുണ്ട്. എന്നാല്‍ ഇത്രയും നഷ്ടത്തിലായ കമ്പനിയെ രക്ഷിക്കാന്‍ ഫണ്ട് നല്‍കാനാകില്ലെന്ന് കേന്ദ്രവും വ്യക്തമാക്കി. നേരത്തെ നഷ്ടത്തെ തുടര്‍ന്ന് ജെറ്റ് എയര്‍വേസ് പൂട്ടിയിരുന്നു. 2011-12 സാമ്പത്തിക വര്‍ഷം മുതല്‍ എയര്‍ ഇന്ത്യയെ കരകയറ്റാനായി 30,520.21 കോടി കേന്ദ്ര സര്‍ക്കാര്‍ നല്കി. 2012ല്‍ യുപിഎ സര്‍ക്കാറാണ് 30000 കോടി നല്‍കിയത്.
ഇപ്പോള്‍ പ്രവര്‍ത്തന ചെലവിനായി 2400 കോടി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. എന്നാല്‍, 500 കോടി തരാമെന്നാണ് കേന്ദ്രം പറഞ്ഞത്. ഈ അവസ്ഥയില്‍ ജൂണ്‍ വരെ പ്രവര്‍ത്തിക്കാന്‍ മാത്രമാണ് സാധിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍. എയര്‍ഇന്ത്യ ഔദ്യോഗികമായി വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 8556.35 കോടിയാണ് എയര്‍ ഇന്ത്യയുടെ നഷ്ടം. അടുത്ത മാസത്തോടെ എയര്‍ ഇന്ത്യ വില്പന നടപടികള്‍ ആരംഭിക്കും.
Discussion about this post